ചക്രവാത ചുഴി; അഞ്ച് ദിവസം മഴ കനത്തേക്കാമെന്ന് മുന്നറിയിപ്പ്

Update: 2024-11-24 01:39 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചതാണ് കാരണം.

ന്യൂനമര്‍ദ്ദം നാളെയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍. തുടന്നുള്ള രണ്ടു ദിവസത്തില്‍ ഇത് തമിഴ്‌നാട്-ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ 26, 27 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. തെക്കന്‍ കേരളം-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Similar News