അധ്യാപകരെ അവഹേളിച്ച ഹയർ സെക്കണ്ടറി ജോയന്റ് ഡയറക്ടറുടെ പ്രസ്താവന അപലപനീയം : എച്ച് എസ് എസ് ടി എ
കോഴിക്കോട് : കേരളത്തിലെ ഹയർസെക്കണ്ടറി അധ്യാപകരെ ഒന്നടങ്കം അധിക്ഷേപിച്ച് പരീക്ഷാ വിഭാഗം ജോയന്റ് ഡയറക്ടർ നടത്തിയ പ്രസ്താവന അപലപനീയമെന്ന് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി പറഞ്ഞു. ബുധനാഴ്ച കോഴിക്കോട് വച്ച് നടന്ന പൊതു പരീക്ഷാ ചീഫ് സൂപ്രണ്ടുമാർക്കുള്ള പരിശീലന യോഗത്തിലാണ് ജോയന്റ് ഡയറക്ടർ നികൃഷ്ടമായ രീതിയിൽ അധ്യാപകരെ അധിക്ഷേപിച്ച് സംസാരിച്ചത് . ഹയർസെക്കണ്ടറി പരീക്ഷാ വിഭാഗത്തിന് നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം അധ്യാപകരുടെ തലയിൽ കെട്ടിവക്കാനുള്ള ശ്രമമാണ് ജോയന്റ് ഡയറക്ടർ നടത്തുന്നത്. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ പലപ്പോഴും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തലവേദനയാകുന്നുണ്ട്. ചോദ്യപ്പേപ്പറുകൾ തയ്യാറാക്കുന്നതിലും ഉത്തര സൂചികകളിലും സംഭവിക്കുന്ന പിഴവുകൾ ഏറെ വിവാദമുണ്ടാക്കിയിരുന്നു . വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം നിരുത്തരവാദപരമായ നടപടികൾ പരീക്ഷാ വിഭാഗത്തിൽ നിന്നും സംഭവിക്കുന്നത് പതിവായിരിക്കുന്നു. മാത്രമല്ല പരീക്ഷാ ജോലിയുമായും മൂല്യനിർണ്ണയവുമായും ബന്ധപ്പെട്ട് അധ്യാപകരെയും വിദ്യാർത്ഥികളെയും അടക്കം തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി നിരന്തരം പീഡിപ്പിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ഹയർസെക്കണ്ടറി പരീക്ഷാ വിഭാഗം തുടരുന്ന ഇത്തരം ഏകാധിപത്യ നിലപാടിനു പുറമെ അധ്യാപകരെ ഒന്നടങ്കം അധിക്ഷേപിക്കുക കൂടി ചെയ്യുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ജോയന്റ് ഡയറക്ടർ നടത്തിയ നീചമായ പ്രസ്താവന പിൻവലിക്കണമെന്നും എച്ച് എസ് എസ് ടി എ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.