കളി തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത 15 കാരന് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം; കണ്ണിന് പരിക്കേറ്റു
ഹരിപ്പാട്: കുട്ടികള്‍ കളിക്കുന്നതിനിടെ 15 കാരന് അയല്‍വാസിയുടെ മര്‍ദ്ദനത്തില്‍ കണ്ണിന് പരിക്കേറ്റു. പല്ലന എംകെഎഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കൊട്ടയ്ക്കാട് അനില്‍കുമാറിന്റെ മകന്‍ അരുണ്‍(15)ന് ആണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ അയല്‍വാസി മുണ്ടന്‍പറമ്പ് കോളനിയില്‍ ശാര്‍ങ്ധരനെതിരെ തൃക്കുന്നപ്പുഴ പോലിസ് കേസെടുത്തു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2 നായിരുന്നു സംഭവം.
വീടിനുസമീപത്തെ പറമ്പില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ ശാര്‍ങ്ധരന്‍ തന്റെ മകന്റെ മക്കളെ വിളിക്കാനായി അവിടെയെത്തി. വിളിച്ചെങ്കിലും കുട്ടികള്‍ കൂടെ ചെല്ലാന്‍ തയ്യാറായില്ല. ഇതിന്റെ ദേഷ്യത്തില്‍ ഇയാള്‍ കുട്ടികളുടെ കളി സാമഗ്രികള്‍ നശിപ്പിച്ചു. ഇത് ചോദ്യം ചെയ്ത അരുണിനെ മരക്കഷ്ണം കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ കണ്ണിന് സാരമായി പരിക്കേറ്റ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.