ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; കെ സുധാകരന്‍ എം പി

കേരളത്തില്‍ ആറായിരത്തോളവും രാജ്യത്താകെ അരലക്ഷത്തോളവും കരാര്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്.

Update: 2019-11-29 06:41 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ബി എസ് എന്‍ എല്ലിലെ കരാര്‍ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്ത വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെ സുധാകരന്‍ എം പി . തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ ഉന്നയിക്കുന്ന വിഷയത്തിലും ഉടന്‍ ശമ്പളം നല്‍കുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ലോക്‌സഭയുടെ ശൂന്യവേളയില്‍ എം പി ആവശ്യപ്പെട്ടു.

കേരളത്തില്‍ ആറായിരത്തോളവും രാജ്യത്താകെ അരലക്ഷത്തോളവും കരാര്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ 8076 കരാര്‍ തൊഴിലാളികളില്‍ ആയിരത്തിലേറെ പേരെ യാതൊരു ആനുകൂല്യങ്ങളും നല്‍കാതെ കഴിഞ്ഞ ഫെബ്രുവരിയില്‍ പിരിച്ചുവിട്ടു. ബാക്കിയുള്ളവര്‍ ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലാണ്. നേരത്തെ എട്ടു മണിക്കൂര്‍ പണി കിട്ടിയിരുന്നവര്‍ക്ക് ഇപ്പോള്‍ രണ്ടു മണിക്കൂറായി പണി ചുരുക്കിയിരിക്കുകയാണെന്നും അതിനാല്‍ കരാര്‍ തൊഴിലാളികള്‍ക്ക് ഉടന്‍ ശമ്പളം കൊടുക്കാന്‍ സത്വര നടപടി വേണമെന്നും അദ്ദേഹം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

സ്വകാര്യ മേഖലയിലെ ടെലിക്കോം കമ്പനികളെ വഴിവിട്ട രീതിയില്‍ സഹായിക്കുന്നതിന് വേണ്ടി രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലയെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാറിന്റെ പുതിയ തൊഴില്‍ നയത്തിന്റെ ഭാഗമായി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തൊഴിലാളി ദ്രോഹ നടപടികള്‍ സ്വീകരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. 


Tags:    

Similar News