വിര്‍ജീനിയ: യുഎസ് വിര്‍ജീനിയ ബീച്ചിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ നടന്ന വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലിസ് തിരിച്ച് നടത്തിയ വെടിവയ്പ്പില്‍ അക്രമിയും കൊല്ലപ്പെട്ടു. വിര്‍ജീനിയയിലെ മുനിസിപ്പല്‍ ജീവനക്കാരനാണ് അക്രമിയെന്ന് പോലിസ് വെളിപ്പെടുത്തി. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളില്‍ തോക്കുമായി എത്തിയ ഇയാള്‍ ജീവനക്കാർക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വിര്‍ജീനിയ ബീച്ച് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഞെട്ടലുണ്ടാക്കുന്ന ദിവസമാണിതെന്ന് മേയര്‍ ബോബി ഡെയര്‍ പ്രതികരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ജീവനക്കാര്‍ ജോലി അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്. ജോലിയിലുള്ള അസംതൃപ്തിയാണ് കൃത്യത്തിന് കാരണമായി പോലിസ് പറയുന്നത്. നേരത്തെ ഇല്ലിനോയ്സിൽ ഫാക്ടറി ജീവനക്കാരൻ തന്റെ സഹപ്രവർത്തകരായ 5പേരെ വെടിവച്ചു കൊന്നിരുന്നു.