ഫലസ്തീന്‍ വിമോചനം സ്വപ്നം കണ്ട റന്‍തീസിയുടെ രക്തസാക്ഷിത്വത്തിന് 17 വര്‍ഷം
'പ്രതിരോധത്തിന്റെ കിടങ്ങുകളില്‍ ഞങ്ങള്‍ ഒന്നിക്കും... ഞങ്ങള്‍ കീഴടങ്ങുകയില്ല'
കോഴിക്കോട്: 'പ്രതിരോധത്തിന്റെ കിടങ്ങുകളില്‍ ഞങ്ങള്‍ ഒന്നിക്കും, ഇസ്രായേല്‍ ഭീകരതക്കു മുന്‍പില്‍ ഒരിക്കലും കീഴടങ്ങുകയില്ല' എന്ന് ഉറക്കെ പ്രഖ്യാപിച്ച ഫലസ്തീന്‍ വിമോചന പോരാളി ഡോ. അബ്ദുല്‍ അസീസ് റന്‍തീസിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 17 വര്‍ഷമാകുന്നു. 2004 ഏപ്രില്‍ 17നാണ് ഇസ്രായേല്‍ സേനയുടെ മിസൈലാക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടത്. റന്‍തീസി മുന്‍കൂട്ടി പ്രവചിച്ചതുപോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 'നമ്മളെല്ലാവരും മരിക്കും അതില്‍ ഒരു മാറ്റവുമില്ല. ഒന്നുകില്‍ (ഇസ്രാഈലിന്റെ) അപാച്ചെ ഹെലികോപ്റ്റര്‍ (മിസൈലിടുന്നത്) മുഖേനെ. അല്ലെങ്കില്‍ പിടിച്ചുകൊണ്ടുപോയിട്ട്. എന്റെ കാര്യത്തില്‍ മിക്കവാറും അപാച്ചെയായിരിക്കും.' എന്നായിരുന്നു റന്‍തീസി പറഞ്ഞിരുന്നത്. മകനോടും അംഗരക്ഷകനോടുമൊപ്പം കാറില്‍ സഞ്ചരിക്കവേ ആയിരുന്നു ഇസ്രായേലിന്റെ മിസെയില്‍ ആക്രമണത്തില്‍ അദ്ദേഹം രക്തസാക്ഷിയായത്.
ഗസ്സയിലെ തന്റെ വീടിനടുത്തുവെച്ചാണ് ഇസ്രായേലിന്റെ അപ്പാച്ചെ ഹെലികോപ്റ്ററില്‍ നിന്ന് തൊടുത്തു വിട്ട മിസൈലുകള്‍ റന്‍തീസിയുടെ കാറിനെ തകര്‍ത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫലസ്തീനിലെ പ്രമുഖ ശിശു രോഗവിദഗ്ദനായ റന്‍തീസി ഹമാസിന്റെ നേതൃനിരയിലേക്ക് എത്തിയത് പിറന്ന നാടിന്റെ വിമോചന സ്വപ്‌നങ്ങളുമായിട്ടായിരുന്നു. 2004 മാര്‍ച്ചില്‍ ഷെയ്ഖ് അഹമ്മദ് യാസിന്‍ രക്തസാക്ഷിത്വം വരിച്ചതിനെ തുടര്‍ന്നാണ് ഡോ. അബ്ദുല്‍ അസീസ് റന്‍തീസി ഹമാസിന്റെ തലവനായി നിയമിക്കപ്പെട്ടത്. ഷെയ്ഖ് യാസിനെപ്പോലെ, ഡോ. റന്‍തീസിയെയും ഇസ്രായേല്‍ പല പ്രാവശ്യം ലക്ഷ്യമിട്ടിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ കാറിനു നേരെ ഇസ്രായേല്‍ ഹെലികോപ്റ്ററില്‍ നിന്നും മിസൈല്‍ ആക്രമണമുണ്ടായി. അന്ന് പരുക്കേറ്റെങ്കിലും അദ്ദേഹം സുഖംപ്രാപിച്ചിരുന്നു. വീണ്ടും ഹമാസിന്റെ നേതൃനിരയില്‍ സജീവമായി. ഇസ്രായേല്‍ നിരന്തരമായി ലക്ഷ്യമിടുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഒളിവില്‍ പോകാനോ മറ്റിടങ്ങളില്‍ രാഷ്ട്രീയാഭയം തേടാനോ റന്‍തീസി ശ്രമിച്ചില്ല.
'പ്രതിരോധത്തിന്റെ കിടങ്ങുകളില്‍ ഞങ്ങള്‍ ഒന്നിക്കും... ഞങ്ങള്‍ കീഴടങ്ങുകയില്ല, ഞങ്ങള്‍ ഇസ്രായേല്‍ ഭീകരതക്കു മുന്‍പില്‍ ഒരിക്കലും കീഴടങ്ങുകയില്ല' എന്ന ഡോ. അബ്ദുല്‍ അസീസ് റന്‍തീസിയുടെ വാക്കുകള്‍ ഇന്നും ഫലസ്തീനിലെ ആയിരങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നുണ്ട്.