രണ്ട് കോടി രൂപ മിനിട്ടുകള്‍ക്കുള്ളില്‍ 18 കോടി; രാംമന്ദിര്‍ ട്രസ്റ്റില്‍ കോടികളുടെ തിരിമറി

Update: 2021-06-14 01:25 GMT

ലഖ്‌നോ: യുപിയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിക്കപ്പെട്ട രാംമന്ദിര്‍ ട്രസ്റ്റില്‍ കോടികളുടെ തിരുമറി നടന്നതായി ആരോപണം. പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയുമാണ് കോടിക്കണക്കിനു രൂപയുടെ തിരിമറി ആരോപിച്ചുകൊണ്ട് രംഗത്തുവന്നത്.

ഈ വര്‍ഷം മാര്‍ച്ചിലാണ് ആരോപണത്തിനു കാരണമായ സംഭവം നടന്നത്. ഏതാനും ഭൂമിക്കച്ചവടക്കാര്‍ ഒരാളില്‍ നിന്ന് രണ്ട് കോടി രൂപക്ക് ഭൂമി വാങ്ങുകയും മിനിട്ടുകള്‍ക്കുളളില്‍ 18.5 കോടി രൂപക്ക് രാം മന്ദിര്‍ ട്രസ്റ്റിന് മറിച്ചുവിറ്റുവെന്നുമാണ് ആരോപണം. എല്ലാ ആരോപണങ്ങളും ട്രസ്റ്റ് ഭാരവാഹികള്‍ നിഷേധിച്ചു.

അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം നടത്തുന്നതിനുവേണ്ടി സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം 2020 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നേരിട്ട് രൂപീകരിച്ച ട്രസ്റ്റാണ് ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. സര്‍ക്കാര്‍ നിര്‍ദേശിച്ച 12 പേരെടക്കം 15 അംഗങ്ങളുള്ള ഈ ട്രസ്റ്റിന് 70 ഏക്കര്‍ ഭൂമി കേന്ദ്ര സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്.

മുന്‍ സമാജ് വാദി എംഎല്‍എയും മന്ത്രിയുമായിരുന്ന പവന്‍ പാണ്ഡെയാണ് തെളിവുസഹിതം കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ച് ചേര്‍ത്ത് ആരോപണം ഉന്നയിച്ചത്. പ്രദേശത്തെ ബിജെപി എംഎല്‍എയുടെയും ട്രസ്റ്റ് അംഗങ്ങളുടെയും ഒത്താശയോടെയാണ് പണം കൈമാറ്റം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ട്രസ്റ്റിന്റെ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഭൂമി വിറ്റതിന്റെതെന്ന് ആരോപിച്ച് ചില രേഖകളും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഭൂമി വിറ്റതും വാങ്ങിയതും പിന്നീട് മറിച്ചുവിറ്റതിനുമൊക്കെ ഒരേ സാക്ഷികളാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികളുടെ പേരുവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. പാണ്ഡെ നല്‍കുന്ന വിവരമനുസരിച്ച് ബിജെപിക്കാരനായ അയോധ്യ മേയറാണ് രണ്ടിലും ഒപ്പുവച്ച ഒരാള്‍.

2 കോടി വിലക്ക് വിറ്റ ഈ ഭൂമി മിനിട്ടുകള്‍ക്കുള്ളില്‍ 18 കോടിയായി മറിച്ചു വില്‍ക്കാന്‍ എന്താണ് ഉള്ളതെന്ന് പാണ്ഡെ ചോദിച്ചു. 16.5 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

''കോടിക്കണക്കിന് പേരാണ് രാംമന്ദിറിനുവേണ്ടി പണം സംഭാവന ചെയ്തത്. തങ്ങളുടെ ചുരുങ്ങിയ നീക്കിയിരുപ്പില്‍ നിന്നാണ് അവരത് ചെയ്തത്. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ അവരുടെ പണം എന്താണ് നിങ്ങള്‍ ചെയ്തത്. രാജ്യത്തെ 120 കോടി ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ് ഇത്''- സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ എഎപി നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിങ്ങും സമാനമായ ആരോപണം ഉന്നയിച്ചു.

ഭഗവാന്‍ രാമന്റെ ക്ഷേത്രനിര്‍മാണത്തിന്റെ പേരില്‍ ഇതുപോലൊരു തട്ടിപ്പ് ആരും സ്വപ്‌നത്തില്‍പോലും വിചാരിക്കില്ല. കോടികളുടെ തട്ടിപ്പ് നടന്നതായി ഈ രേഖകള്‍ പറയുന്നു- സിങ് പറഞ്ഞു.

എല്ലാ ആരോപണങ്ങളും ട്രസ്റ്റ് നിഷേധിച്ചു.

മഹാത്മാഗാന്ധിയെ കൊന്നത് തങ്ങളാണെന്ന ആരോപണം പോലെ ഒന്നാണ് ഇതെന്നും ഇതുകൊണ്ടൊന്നും തങ്ങള്‍ തളരില്ലെന്നും വിഎച്ച്പി നേതവും ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പാട്ട് റായി പറഞ്ഞു.

ആരോപണത്തമുന്നയിച്ചവര്‍ പുറത്തുവിട്ട തെളിവുകളെകുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി നല്‍കിയില്ല. പഠിച്ച ശേഷം പറയാമെന്നായിരുന്നു പ്രതികരണം.

Tags:    

Similar News