75ാം സ്വാതന്ത്ര്യ ദിനാഘോഷം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം തായിഫ് 'ആസാദിസംഗമം' സംഘടിപ്പിച്ചു

Update: 2022-08-31 06:55 GMT

ജിദ്ദ: രാജ്യത്തിന്റെ മതേതരത്വത്തെയും ജനാധിപത്യത്തെയും വൈവിദ്ധ്യങ്ങളെയും തകര്‍ത്തുകൊണ്ട് ഏകശിലാ സംസ്‌കാരത്തിലധിഷ്ഠിതമായ മനുവാദ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രായോഗവല്‍ക്കരണത്തിലേക്കാണ് രാജ്യം കടന്നുപോകുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് കമ്മിറ്റി അംഗം ഹസ്സന്‍ മങ്കട പറഞ്ഞു. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം തായിഫില്‍ സംഘടിപ്പിച്ച 'ആസാദി സംഗമത്തില്‍' മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളെയും ദലിത് ആദിവാസി പിന്നാക്ക വിഭാഗങ്ങളെയും വംശീയമായി ഇല്ലാതാക്കാനുള്ള വിഭജന രാഷ്ട്രീയ ശ്രമങ്ങളാണ് രാജ്യത്ത് സംഘപരിവാരം നടത്തികൊണ്ടിരിക്കുന്നത്. എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശം നല്‍കുന്ന രാജ്യത്തിന്റെ മഹത്തായ ഭരണഘടന കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ യഥാര്‍ത്ഥ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്കാ ബ്ലോക്ക് പ്രസിഡണ്ട് അബ്ദുള്ള അബൂബക്കര്‍ സാഹിബ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. യൂനിറ്റി ഗാനത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ പ്രവര്‍ത്തകരും പൊതുജനങ്ങളുമടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിലേക്ക് പുതുതായി കടന്നുവന്നവര്‍ക്ക് മക്ക ബ്ലോക്ക് പ്രസിഡണ്ട് മെമ്പര്‍ഷിപ്പ് കൊടുത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

സോഷ്യല്‍ ഫോറം ഹവിയ ബ്രാഞ്ച് സെക്രട്ടറി മുജീബ് വല്ലപ്പുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സോഷ്യല്‍ ഫോറം തായിഫ് ബ്രാഞ്ച് പ്രസിഡണ്ട് അലി മൂവാറ്റുപുഴ സ്വാഗതവും ഹവിയ ബ്രാഞ്ച് വൈസ് പ്രസിഡണ്ട് ത്വയ്യിബ് ബാഖവി നന്ദിയും പറഞ്ഞു.

Tags:    

Similar News