തൊഴില്‍ രാഷ്ട്രീയമാവാം; 80ശതമാനം തൊഴിലന്വേഷകര്‍ക്കും രാഷ്ട്രീയത്തില്‍ താല്‍പ്പര്യം
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് 22 മുതല്‍ 36 വരെ പ്രായമുള്ള 1201 പേര്‍ക്കിടയില്‍ 'ഇന്‍ഡീഡ്' സര്‍വേ നടത്തിയത്.
ബെംഗളൂരു: രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാമെന്നാണ് രാജ്യത്തെ 80ശതമാനം തൊഴിലന്വേഷകരുടെയും താല്‍പ്പര്യമെന്ന് റിപോര്‍ട്ട്. രാഷ്ട്രീയ നിരീക്ഷകരായോ സാമൂഹിക പ്രവര്‍ത്തകരായോ രാഷ്ട്രീയ മാധ്യമപ്രവര്‍ത്തകരായോ ജോലിചെയ്യാന്‍ ഇക്കൂട്ടര്‍ താല്‍പ്പര്യപ്പെടുന്നെന്നാണ് തൊഴില്‍ വെബ്‌സൈറ്റായ 'ഇന്‍ഡീഡ്' സര്‍വേയില്‍ കണ്ടെത്തിയത്. രാഷ്ട്രീയത്തില്‍ തൊഴിലെടുക്കാന്‍ പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ താല്‍പ്പര്യം. 21ശതമാനമാണ് പുരുഷ താല്‍പ്പര്യക്കാര്‍. എന്നാല്‍ സ്ത്രീകള്‍ക്കാവട്ടെ ഈ മേഖലയില്‍ അത്ര ശോഭിക്കണമെന്നോ, ഇടപെടണമെന്നോ ഇല്ല. ഇവരില്‍ 12ശതമാനത്തിന് മാത്രമാണ് വിഷയത്തില്‍ താല്‍പ്പര്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് 22 മുതല്‍ 36 വരെ പ്രായമുള്ള 1201 പേര്‍ക്കിടയില്‍ 'ഇന്‍ഡീഡ്' സര്‍വേ നടത്തിയത്.
പ്രസംഗമിടുക്കും വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവുമാണ് രാഷ്ട്രീയമേഖലയിലെ ജോലിയില്‍ തിളങ്ങാന്‍ വേണ്ടതെന്ന് സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം പേര്‍ വിശ്വസിക്കുന്നു. മുഴുസമയ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മികച്ച നേതൃപാടവവും പ്രശ്‌നപരിഹാരത്തിനുമുള്ള കഴിവുമാണ് വേണ്ടതെന്നാണ് 53 ശതമാനംപേര്‍ കരുതുന്നത്.24 ശതമാനംപേര്‍ മുഖ്യധാരാ രാഷ്ട്രീയത്തോടു താല്‍പ്പര്യം പ്രകടിപ്പിച്ചു. 21 ശതമാനം പേര്‍ക്ക് നിരീക്ഷണമുള്‍പ്പെടെയുള്ള രാഷ്ട്രീയാനുബന്ധ മേഖലകളില്‍ പണിയെടുക്കാനാണ് താല്‍പര്യം.മുന്‍തലമുറകളെ അപേക്ഷിച്ച് സമൂഹത്തെ സഹായിക്കാനുള്ള ഉപാധിയെന്നോണമാണ് ഇന്നത്തെ തലമുറ സര്‍ക്കാരിനെ കാണുന്നതെന്ന് ഇന്‍ഡീഡ് മാനേജിങ് ഡയറക്ടര്‍ ശശികുമാര്‍ പറഞ്ഞു.