കളമശ്ശേരിയിലെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

Update: 2024-11-25 01:47 GMT

കൊച്ചി: കളമശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരി ജെയ്‌സി എബ്രഹാം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. ജെയ്‌സിയുടെ സുഹൃത്തായ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ്‌കുമാറാണ് പിടിയിലായത്. ഗിരീഷ്‌കുമാറിന്റെ വനിതാ സുഹൃത്ത് ഖദീജയേയും പോലിസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ ഖദീജ സഹായിച്ചോയെന്ന് കണ്ടെത്താനാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇത് ഏറെക്കുറെ സ്ഥിരീകരിച്ചതായാണ് വിവരം.

നവംബര്‍ 17ന് രാത്രിയാണ് ജെയ്‌സിയെ കൂനംതൈ അമ്പലം റോഡിനു സമീപത്തെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളുടെ ഫോണ്‍ കോളിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വാതില്‍ ചവിട്ടി പൊളിച്ചാണ് ഫ് ളാറ്റിന് അകത്ത് കയറിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ ശുചിമുറിയില്‍ മുഖം വികൃതമാക്കിയ തരത്തില്‍ ജെയ്‌സിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലക്കു പിന്നില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായി.ജെയ്‌സിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പോലിസ് സ്ഥിരീകരിച്ചു.ജെയ്‌സിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് കഴിഞ്ഞ ദിവസം മൂന്നു പേരെ ചോദ്യം ചെയ്തിരുന്നു.

Similar News