മുരളി തുമ്മാരുകുടി
പൊതുഗതാഗത സംവിധാനം സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് കേരളത്തില്‍ നടന്നുവരുന്നത്. ഇക്കാര്യത്തില്‍ കേരളം ഒരു മാതൃകയാണ്. ചെലവുകുറഞ്ഞ ഒരു സംവിധാനം സര്‍ക്കാരിന്റെ ചെലവിലല്ലാതെ നടക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ കൊറോണ ഈ സംവിധാനത്തെ തകര്‍ത്തു. ഇതിനൊരു പരിഹമുണ്ടോയെന്ന ചിന്തയാണ് മുരളി തുമ്മാരുകുടി മുന്നോട്ട് വയ്ക്കുന്നത്.
''നമ്മുടെ പൊതുഗതാഗത രംഗത്തെ ശക്തിപ്പെടുത്തുകയും സ്വകാര്യ വാഹനങ്ങളുടെ ആവശ്യവും ഉപയോഗവും കുറച്ചുകൊണ്ട് വരികയും ചെയ്യുന്ന ഒരു ട്രാന്‍സ്പോര്‍ട്ട് സംവിധാനമാണ് നമുക്ക് ഭാവിയില്‍ വേണ്ടത്. അത് സാധ്യമാകണമെങ്കില്‍ നമ്മുടെ സ്വകാര്യ മേഖലയുടെ മൂലധനം, ക്രിയേറ്റിവിറ്റി, കാര്യക്ഷമത, ഇതൊക്കെ ഉപയോഗിക്കാന്‍ നമുക്ക് കഴിയണം. അതിന് സ്വകര്യമേഖയിലെ നിക്ഷേപകരെ 'മുതലാളിമാര്‍' ആയി കാണാതെ സമൂഹത്തിന്റെ അടിസ്ഥാനമായ ഒരു ആവശ്യത്തിന് സംഭാവന ചെയ്യുന്ന പങ്കാളികളായി കാണാന്‍ നമുക്ക് കഴിയണം.
സ്വകാര്യ സര്‍വ്വീസുകാരും ഏറെ മാറാനുണ്ട്. കേരളത്തിലെ പൊതുഗതാഗത രംഗത്തുള്ള എല്ലാ സര്‍വ്വീസുകളും, ഓട്ടോ റിക്ഷ, ലക്ഷ്വറി ബസുകള്‍ ഉള്‍പ്പെടെ ഒറ്റ ബ്രാന്‍ഡിന് കീഴില്‍ എത്തിക്കണം. ഒരു ആപ്പിലൂടെ എല്ലാ വിവരവും ലഭിക്കണം, ഒരേ പേയ്‌മെന്റ് സംവിധാനവും ലോയല്‍റ്റി കാര്‍ഡുകളും ഉണ്ടാക്കിയെടുക്കണം. ഓരോ ദിവസവും യാത്ര സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണിക്ക് ആളുകളുടെ വിവരവും, യാത്ര റൂട്ടും, യാത്രക്ക് ചിലവാക്കുന്ന തുകയും, ബിഗ് ഡേറ്റ അനാലിസിസ് വഴി മനസ്സിലാക്കിയെടുത്താല്‍ അവര്‍ക്ക് വേണ്ടതെന്താണെന്ന് അറിഞ്ഞ് ഭാവി സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിക്കും. ലോകത്ത് ഏറ്റവും ചിലവ് കുറഞ്ഞതും ഇന്റഗ്രേറ്ററ്റഡും ആയ പൊതുഗതാഗത സംവിധാനം സര്‍ക്കാര്‍-സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നമുക്ക് കേരളത്തില്‍ ഉണ്ടാക്കിയെടുക്കാം. അത് വീണ്ടും ഒരു ലോക മാതൃകയാകുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
വരവേല്‍പ്പ് !
മലയാളികളെ ഏറെ ചിന്തിപ്പിച്ച ഒരു ചിത്രമായിരുന്നു വരവേല്‍പ്പ്.
ഗള്‍ഫില്‍ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് നാട്ടില്‍ വന്ന് ഒരു സ്വകാര്യ ബസ് സര്‍വ്വീസ് തുടങ്ങാന്‍ ശ്രമിച്ച യുവാവിനെ നമ്മുടെ സമൂഹം ഒടിച്ചു മടക്കി കയ്യില്‍ കൊടുത്ത കഥ.
കാലം മാറി, മാന്പഴം കവിത വായിച്ചു കരഞ്ഞ അമ്മമാരും. പൂങ്കുല പൊട്ടിച്ചാല്‍ പിള്ളേര്‍ക്ക് വീണ്ടും തല്ലുകൊടുക്കുമെന്ന് അശോക് രാജ് പറഞ്ഞത് പോലെ, ഒരു ബസ് സര്‍വ്വീസ് എങ്കിലും നടത്തുന്നവര്‍ ഇപ്പോഴും മലയാളിക്ക് ബസ് മുതലാളിയാണ്. അവരുടെ പ്രശ്‌നങ്ങള്‍ മുതലാളിമാരുടെ പ്രശ്‌നങ്ങളും ആണ്.
കേരളത്തിലെ 'പൊതുഗതാഗത' രംഗത്തിന് സ്വകാര്യമേഖലയില്‍ നിന്നും മൂലധനം ഇറക്കുന്ന ഇത്തരത്തിലുള്ള 'മുതലാളിമാര്‍' നല്‍കിയ സേവനത്തെ മലയാളികള്‍ ഇനിയും വേണ്ടപോലെ മനസ്സിലാക്കിയിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്.
കഴിഞ്ഞ ദിവസത്തെ ക്ലബ്ബ് ഹൌസ് ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നും ലോകത്ത് മറ്റിടങ്ങളില്‍ എത്തേണ്ട മാതൃകകളെ പറ്റി പറഞ്ഞപ്പോള്‍ കുടുംബശ്രീ, സഹകരണ സംഘങ്ങള്‍, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങള്‍, എന്നിവയുടെ കൂടെ കേരളത്തിലെ സ്വകാര്യ ബസുകളുടെ കാര്യം കൂടി ഞാന്‍ പറഞ്ഞത് ആളുകള്‍ക്ക് അല്പം അതിശയമായി.
ഇന്ത്യക്കകത്തും പുറത്തും അനവധി സ്ഥലങ്ങളില്‍ പൊതുഗതാഗതം കണ്ടിട്ടുള്ള, ഉപയോഗിച്ചിട്ടുള്ള ആളെന്ന നിലക്ക് കേരളത്തിലെ പൊതുഗതാഗത രംഗത്ത് സ്വകാര്യ മേഖലയുടെ ഇടപെടലും നിക്ഷേപങ്ങളും ഒരു 'force for good' ആണെന്നും മറ്റു പ്രദേശങ്ങള്‍ക്ക് മാതൃകയാക്കാം എന്നതും എനിക്ക് ഒട്ടും സംശയമില്ലാത്ത കാര്യമാണ്. സര്‍ക്കാര്‍ നേരിട്ടോ അല്ലാതെയോ സബ്സിഡി ഒന്നും നല്‍കാതെ, പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖലയിലെ പൊതു ഗതാഗതം എടുത്താല്‍ അതില്‍ ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായിരുക്കും നമ്മുടേത്.
കേരളത്തിലെ സ്വകാര്യ ബസുകളുടെ സേവനം അറിയണമെങ്കില്‍ മറ്റു രാജ്യങ്ങളില്‍ പോകുകയൊന്നും വേണ്ട. ഇന്ത്യയില്‍ തന്നെ അനവധി സംസ്ഥാനങ്ങളിലെ ചെറിയ നഗരങ്ങളില്‍ ഒന്ന് യാത്ര ചെയ്തു നോക്കിയാല്‍ മതി. സ്ഥലങ്ങളുടെ പേര് പറയുന്നില്ല.
വലിയ നഗരങ്ങളില്‍ നിന്നും ചെറിയ നഗരങ്ങളിലേക്കോ നഗര പ്രാന്തങ്ങളിലേക്കോ പോകാന്‍ അവിടെ സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ ഉണ്ടെന്നാണ് വയ്പ്പ്, എന്നാല്‍ വളരെ കുറവാണ്, വിശ്വസിക്കാവുന്ന സമയക്രമവും ഇല്ല. 'ടെമ്പോ' എന്ന് വിളിക്കുന്ന മുച്ചക്ര വാഹനമാണ് അനവധി നഗരങ്ങളെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പൊതു ഗതാഗതം. അതില്‍ എട്ടോ പത്തോ പേര്‍ക്ക് ഇരിക്കാം, പ്രത്യേക സമയക്രമം ഒന്നുമില്ല. ആറു പേരെങ്കിലും ആയാല്‍ വണ്ടി വിടും. നമ്മുടേത് പോലെ ഓരോ പോയന്റിനും ഓരോ നിരക്ക് എന്നൊന്നുമില്ല. കേരളത്തില്‍ സമാന ദൂരത്തിന് കൊടുക്കുന്ന ബസ് ചാര്‍ജിന്റെ അഞ്ചു മടങ്ങെങ്കിലും ആകും. ചെറുനഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് വല്ലപ്പോഴും പോകുന്ന ഈ ടെന്‌പോ സര്‍വീസ് ഇല്ലെങ്കില്‍ അഞ്ചും പത്തും കിലോമീറ്റര്‍ നടക്കുക തന്നെ.
സ്വകാര്യ മൂലധനം കേരളത്തിലെ ബസ് സര്‍വ്വീസ് മേഖലയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ നമ്മുടെ പൊതുഗതാഗതവും ഏതാണ്ട് ഇതുപോലൊക്കെത്തന്നെ ആകുമായിരുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പേ കേരളത്തില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് ഉണ്ടായിരുന്നു എന്നൊക്കെ എനിക്കറിയാം. പക്ഷെ എല്ലാ പൊതുഗതാഗതവും സര്‍ക്കാര്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കില്‍ വേണ്ടത്ര കവറേജോ കാര്യക്ഷമതയോ ഉണ്ടാകുമായിരുന്നില്ല. സര്‍ക്കാരും സ്വകാര്യ മേഖലയും ഒരുമിച്ച് നില നില്‍ക്കുന്നത് രണ്ടുപേരേയും കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്.
നിര്‍ഭാഗ്യവശാല്‍ വരവേല്‍പ്പ് കണ്ടു സങ്കടപ്പെട്ട മലയാളി ബസ് 'മുതലാളി' മാരെപ്പറ്റിയുള്ള നമ്മുടെ ചിന്താഗതിയില്‍ വലിയ മാറ്റം ഒന്നും വരുത്തിയില്ല. എറണാകുളത്ത് നിന്നും പെരുന്പാവൂരില്‍ ബസിറങ്ങി രണ്ടോ മൂന്നോ കിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലേക്ക് പോകുവാന്‍ ഓട്ടോറിക്ഷക്ക് മുപ്പത് രൂപ കൊടുക്കാന്‍ ഒരു മടിയുമില്ലാത്ത നമുക്ക് മുപ്പത് കിലോമീറ്റര്‍ ബസ് യാത്രക്ക് ഒരു രൂപ കൂട്ടിയാല്‍ അതിനെതിരെ സമരം ചെയ്യാനും ഒരു മടിയുമില്ല!
കൊറോണക്കാലത്തിന് മുന്‍പ് തന്നെ നമ്മുടെ പൊതുഗതാഗത രംഗത്തെ സ്വകാര്യമേഖല ഏറെ വെല്ലുവിളികള്‍ നേരിടുകയായിരുന്നു (പൊതു ഗതാഗത രംഗത്തെ പൊതു മേഖല പതിറ്റാണ്ടുകളായി നഷ്ടത്തില്‍ ആണല്ലോ, അത് പിന്നീടൊരിക്കല്‍ പറയാം). റൂട്ടുകളുടെ കാര്യത്തിലും വാങ്ങാവുന്ന ചാര്‍ജിന്റെ കാര്യത്തിലും ഒക്കെയുള്ള കടുംപിടുത്തം ഒരു വഴിക്ക്, സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടേണ്ടി വരുന്നതിനാവശ്യമായ അനൗദ്യോഗിക ചിലവുകള്‍ (കൈക്കൂലി എന്നും പറയും) മറുവശത്ത്. കേരളത്തിലെ മധ്യവര്‍ഗം ഏതാണ്ട് മൊത്തമായി തന്നെ പൊതുഗതാഗതത്തില്‍ നിന്നും മാറിയതിന്റെ പ്രശ്‌നങ്ങള്‍ വേറെയും.
ഇങ്ങനെയിരിക്കുന്ന സമയത്താണ് കൊറോണ വരുന്നത്. ഇത് മൊത്തമായി പൊതു ഗതാഗത രംഗത്തുള്ള സ്വകാര്യമേഖലയുടെ നടുവൊടിച്ചു. ടൂറിസ്റ്റ് ടാക്‌സി, കൃത്യമായി റൂട്ടില്‍ യാത്ര നടത്തുന്ന ബസുകള്‍, കേരളത്തിനകത്തും പുറത്തുമുള്ള ടൂറിസ്റ്റു ബസുകള്‍ എന്നിവയുടെ വരുമാനം പൂര്‍ണ്ണമായി നിലച്ചു, ലോണ്‍ എടുത്തതിന്റെ തിരിച്ചടവ് മൊറട്ടോറിയം ഉണ്ടെങ്കില്‍ പോലും പിന്നീട് അടച്ചു തീര്‍ക്കേണ്ടി വരും. വാഹനങ്ങള്‍ വില്‍ക്കുക എന്നതിന് യാതൊരു സാധ്യതയും ഇല്ല, ടാക്സുകള്‍ അടച്ചുകൊണ്ടേ ഇരിക്കണം. കുറച്ചു ടൂറിസ്റ്റ് ബസുകള്‍ ബംഗാളിലേക്കും ആസാമിലേക്കും ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോയും തിരിച്ചു കൊണ്ടുവന്നും കുറച്ചു നാള്‍ പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും അവരില്‍ പലരും രണ്ടാമത്തെ ലോക്ക് ഡൗണില്‍ കുടുങ്ങി കിടക്കുന്നു. തൊഴിലാളികള്‍ക്ക് ജോലിയില്ല, മിക്ക ബസുകളിലും തൊഴിലാളിയും മുതലാളിയും ഒന്ന് തന്നെയാണ്.
ഈ വര്‍ഷം തുടങ്ങിയതില്‍ പിന്നെ വളരെ കുറച്ചു സമയം മാത്രമേ കുറച്ചെങ്കിലും ബസുകള്‍ക്കും ടെന്‌പോകള്‍ക്കും ഓടാന്‍ പറ്റിയിട്ടുളളൂ. കട്ടപ്പുറത്തിരുന്നാലും ടാക്സിന് ഒരു കുറവുമില്ല എന്നാണ് ആ രംഗത്തുള്ളവര്‍ പറയുന്നത്.
പൊതുഗതാഗത രംഗത്ത് മുതല്‍ മുടക്കിയിട്ടുള്ള സ്വകാര്യമേഖലയുടെ പ്രശ്‌നങ്ങള്‍ അറിയാനും അനുഭാവ പൂര്‍ണ്ണമായി കൈകാര്യം ചെയ്യാനും നമ്മള്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ കൊറോണക്കാലം കഴിയുന്‌പോഴേക്കും ഈ മേഖല തകര്‍ന്നടിഞ്ഞിട്ടുണ്ടാകും. അത് യാത്രാ സൗകര്യങ്ങള്‍ വലിയ നിലയില്‍ കുറക്കും, കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ റോഡില്‍ എത്തിക്കേണ്ടി വരും, സ്വകാര്യ വാഹനങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ബുദ്ധിമുട്ടാകും (ഇതൊക്കെ മറ്റു സംസ്ഥാനങ്ങളില്‍ കൊറോണക്ക് മുന്‍പ് തന്നെ നടക്കുന്ന കാര്യമാണ്). കൂടാതെ നമ്മുടെ മൊത്തം ജീവിത രീതിയെയും സന്പദ്വ്യവസ്ഥയെയും ഇത് ബാധിക്കും. തൊഴിലില്ലാതാകുന്ന ആയിരക്കണക്കിന് ഡ്രൈവര്‍മാരുള്‍പ്പടെ തൊഴിലാളികളുടെയും 'മുതലാളിമാരുടേയും' കാര്യം കഷ്ടത്തിലാകും.
നമ്മുടെ ലോക്ക് ഡൌണ്‍ മാറി സാന്പത്തിക മേഖല ഉണര്‍ന്നു വരുന്നത് വരെ വാഹനങ്ങളുടെ ടാക്‌സ് പിരിവ് ഒഴിവാക്കുക എന്നതാണ് ആദ്യമേ ചെയ്യാവുന്ന കാര്യം.
ലോക്ക് ഡൌണ്‍ കഴിഞ്ഞുള്ള കാലത്ത് ഈ മേഖലയിലുള്ള നിയന്ത്രണങ്ങള്‍, റൂട്ടിന്റെ കാര്യത്തിലും, റേറ്റിന്റെ കാര്യത്തിലും, ഉള്‍പ്പെടെ പരമാവധി കുറച്ചു കൊണ്ട് വരണം.
നമ്മുടെ പൊതുഗതാഗത രംഗത്ത് ഏറെ കണ്‍സ്യൂമര്‍ സര്‍പ്ലസ് ഉണ്ട് (അല്പം കൂടി നല്ല സര്‍വ്വീസിന് ഇതില്‍ കൂടുതല്‍ പണം കൊടുക്കാന്‍ ആളുകള്‍ തയ്യാറാണ്). അത്തരം സാഹചര്യത്തില്‍ മാര്‍ക്കറ്റില്‍ പല തട്ടുകളിലുള്ള സര്‍വ്വീസ് ഉണ്ടാക്കുകയാണ് വേണ്ടത്.
ഇപ്പോഴത്തെ പോലുള്ള റൂട്ടുകളില്‍ ചിലവ് കുറഞ്ഞ പൊതുഗതാഗത സംവിധാനം തീര്‍ച്ചയായും തുടരണം. സമയ ബന്ധിതമായ സര്‍വീസുകള്‍ ഉണ്ടാകണം.
കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നതും കൂടുതല്‍ പണം ചിലവാക്കാന്‍ കഴിവുള്ളവര്‍ യാത്ര ചെയ്യുന്നതുമായ റൂട്ടുകളില്‍ (ഉദാഹരണത്തിന് ആലുവ എറണാകുളം റൂട്ടില്‍, എറണാകുളത്ത് വിവിധ പ്രദേശത്ത് നിന്നും ഇന്‍ഫോ പാര്‍ക്കിലേക്ക്) കുറച്ചു കൂടി ഉയര്‍ന്ന നിരക്കിലുള്ള പ്രീമിയം സര്‍വ്വീസ് നടത്താന്‍ എന്തിനാണ് നിയന്ത്രണം? ഇഷ്ടമുളളവര്‍ സര്‍വ്വീസ് നടത്തട്ടെ, താല്പര്യമുള്ളവര്‍ ഉപയോഗിക്കട്ടെ.
കേരളത്തിന് പുറത്തേക്ക് പോകുന്ന ബസ് സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പരമാവധി എടുത്തു കളയണം. ആസ്സാമിലേക്ക് പോലും സ്ഥിരമായി ബസ് ട്രിപ്പ് നടത്താമെന്ന് കൊറോണക്കാലം നമ്മെ പഠിപ്പിച്ചു. ലോകത്തെ തന്നെ ഏറ്റവും ദീര്‍ഘദൂരമായ ഒരു (രാജ്യത്തിനകത്തുള്ള) ബസ് സര്‍വീസ് ആണിത്. ഇതിനെ ഒരു വന്‍ ടൂറിസ്റ്റ് സാധ്യതയായി വികസിപ്പിക്കാം.
പൊതുഗതാഗതത്തില്‍ നിന്നും മധ്യവര്‍ഗ്ഗത്തെ മാറ്റി വിടുന്നത് ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി കൂടിയാണ്. ബസിറങ്ങിയാല്‍ വീണ്ടും ഓട്ടോ പിടിക്കണം, അല്ലെങ്കില്‍ നടക്കണം. ഇത് കൊണ്ടാണ് ഏറെ ആളുകളും സ്വന്തം ഇരു ചക്ര വാഹനം ഉപയോഗിക്കുന്നത്. ഇതൊഴിവാക്കാന്‍ ഒരു നല്ല മാര്‍ഗ്ഗമുണ്ട്. അമേരിക്കന്‍ തലസ്ഥാനമായിട്ടുള്ള വാഷിംഗ്ടണിലെ പ്രധാന വിമാനത്താവളം നഗരത്തില്‍ നിന്നും ഏറെ ദൂരെയാണ്. അവിടെ നിന്നും നഗരത്തിലേക്ക് ടാക്‌സി എടുത്താല്‍ അയ്യായിരത്തോളം രൂപ ആകും. അതിന് പകരം അവിടെ മറ്റൊരു സംവിധാനം ഉണ്ട്, ആളുകള്‍ ഷെയര്‍ ചെയ്യുന്ന 'സൂപ്പര്‍ ഷട്ടില്‍'. വിമാനത്താവളത്തില്‍ നിന്നും നഗരത്തില്‍ എവിടെയും നമ്മളെ ഹോട്ടലിലോ വീട്ടിലോ എത്തിക്കുന്ന ഒരു ഷട്ടിലില്‍ എട്ടുപേര്‍ ഉണ്ടാകുമെങ്കിലും ടാക്‌സിയുടെ മൂന്നിലൊന്നു ചിലവ് മാത്രമേ ആകൂ. മുന്‍കൂര്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുകയോ സ്‌പോട്ടില്‍ ബുക്ക് ചെയ്യുകയോ ചെയ്യാം. മൊബൈല്‍ ഫോണിന്റെ ഇക്കാലത്ത് ഇതൊക്കെ എത്രയോ എളുപ്പത്തില്‍ നമുക്ക് നടപ്പിലാക്കാം. നമ്മുടെ നാട്ടിലും നഗരങ്ങളിലെങ്കിലും ഇത്തരം ഷെയേര്‍ഡ് ഷട്ടില്‍ സര്‍വ്വീസിന് വലിയ സാദ്ധ്യതകളുണ്ട്.
കൊറോണക്കാലത്തിന് തൊട്ടു മുന്‍പ് സ്വകാര്യ വാഹനങ്ങളുടെ കാലം ഏതാണ്ട് അവസാനിച്ചു വരികയായിരുന്നു. യൂറോപ്പില്‍ പുതിയ തലമുറയിലെ മൂന്നിലൊന്ന് ആളുകളും ഡ്രൈവിങ്ങ് ലൈസന്‍സ് പോലും എടുക്കാതെ പൊതുഗതാഗത്തിലേക്കും യൂബറിലേക്കും മാത്രം യാത്ര മാറ്റിയിരുന്നു. ചില രാജ്യങ്ങള്‍ പൊതുഗതാഗതം സൗജന്യമാക്കിയിരുന്നു. ഈ കൊറോണക്കപ്പുറവും പൊതുഗതാഗതത്തിന് തന്നെയാണ്, അമേരിക്ക ഒഴിച്ചുള്ള, വികസിത രാജ്യങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുക വഴിയുണ്ടാകുന്ന, കാലാവസ്ഥ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന ഹരിതവാതകങ്ങള്‍ കുറക്കുക, റോഡില്‍ തിരക്കും അപകടങ്ങളും ഒഴിവാക്കുക, നഗരങ്ങളില്‍ തിരക്കൊഴിവാക്കി ജീവിതത്തിന്റെ ഗുണനിലവാരം കൂട്ടുക എന്നിങ്ങനെ അനവധി ഉദ്ദേശങ്ങള്‍ ഇതിനു പിന്നിലുണ്ട്.
നമ്മുടെ പൊതുഗതാഗത രംഗത്തെ ശക്തിപ്പെടുത്തുകയും സ്വകാര്യ വാഹനങ്ങളുടെ ആവശ്യവും ഉപയോഗവും കുറച്ചുകൊണ്ട് വരികയും ചെയ്യുന്ന ഒരു ട്രാന്‍സ്പോര്‍ട്ട് സംവിധാനമാണ് നമുക്ക് ഭാവിയില്‍ വേണ്ടത്. അത് സാധ്യമാകണമെങ്കില്‍ നമ്മുടെ സ്വകാര്യ മേഖലയുടെ മൂലധനം, ക്രിയേറ്റിവിറ്റി, കാര്യക്ഷമത, ഇതൊക്കെ ഉപയോഗിക്കാന്‍ നമുക്ക് കഴിയണം. അതിന് സ്വകര്യമേഖയിലെ നിക്ഷേപകരെ 'മുതലാളിമാര്‍' ആയി കാണാതെ സമൂഹത്തിന്റെ അടിസ്ഥാനമായ ഒരു ആവശ്യത്തിന് സംഭാവന ചെയ്യുന്ന പങ്കാളികളായി കാണാന്‍ നമുക്ക് കഴിയണം.
സ്വകാര്യ സര്‍വ്വീസുകാരും ഏറെ മാറാനുണ്ട്. കേരളത്തിലെ പൊതുഗതാഗത രംഗത്തുള്ള എല്ലാ സര്‍വ്വീസുകളും, ഓട്ടോ റിക്ഷ, ലക്ഷ്വറി ബസുകള്‍ ഉള്‍പ്പെടെ ഒറ്റ ബ്രാന്‍ഡിന് കീഴില്‍ എത്തിക്കണം. ഒരു ആപ്പിലൂടെ എല്ലാ വിവരവും ലഭിക്കണം, ഒരേ പേയ്‌മെന്റ് സംവിധാനവും ലോയല്‍റ്റി കാര്‍ഡുകളും ഉണ്ടാക്കിയെടുക്കണം. ഓരോ ദിവസവും യാത്ര സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണിക്ക് ആളുകളുടെ വിവരവും, യാത്ര റൂട്ടും, യാത്രക്ക് ചിലവാക്കുന്ന തുകയും, ബിഗ് ഡേറ്റ അനാലിസിസ് വഴി മനസ്സിലാക്കിയെടുത്താല്‍ അവര്‍ക്ക് വേണ്ടതെന്താണെന്ന് അറിഞ്ഞ് ഭാവി സംവിധാനങ്ങള്‍ ഒരുക്കാന്‍ സാധിക്കും. ലോകത്ത് ഏറ്റവും ചിലവ് കുറഞ്ഞതും ഇന്റഗ്രേറ്ററ്റഡും ആയ പൊതുഗതാഗത സംവിധാനം സര്‍ക്കാര്‍-സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നമുക്ക് കേരളത്തില്‍ ഉണ്ടാക്കിയെടുക്കാം. അത് വീണ്ടും ഒരു ലോക മാതൃകയാകും.
അതാണ് ഞാന്‍ സ്വപ്നം കാണുന്ന കിനാശ്ശേരി.