കിറ്റെക്‌സ് 'ബാബു'മാരുടെ പരിദേവനങ്ങള്‍ക്കിടയില്‍ ഓര്‍ക്കാന്‍ ഒരു 'നാനോ' കഥ
കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമില്ലാത്തതിനാല്‍ ആന്ധ്രയിലേക്ക് കെട്ടിയെടുക്കുന്ന കിറ്റെക്‌സ് സാബുവിന്റെ പരിദേവനങ്ങളും ശാപവചനങ്ങളും കൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞു കവിയുകയാണ്. കേരളത്തിന് നഷ്ടപ്പെടാന്‍ പോകുന്ന സൗഭാഗ്യങ്ങളുടെ വലിയ പരമ്പര തന്നെ ചൂണ്ടിക്കാട്ടിക്കൊണ്ട് കേരളം നശിച്ചുനാറാണക്കല്ലെടുക്കുമെന്ന് പ്രവചിക്കുന്നവരും കൂട്ടത്തിലുണ്ട്. സാബുവിനെതിരായുള്ള ആക്രമണത്തിനെതിരെ ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ദീപം കൊളുത്തി പ്രതിഷേധവും നടക്കുകയുണ്ടായി. ട്രേഡ് യൂണിയനുകളും പരിസ്ഥിതി സംഘടനകളും ഒക്കെ ചേര്‍ന്ന് ജീവിതം തുലച്ച പാവപ്പെട്ട മുതലാളിമാരുടെ കദന കഥകള്‍ ആരുടെയും ഹൃദയം പിളര്‍ക്കുന്നതാണ്.
വ്യാവസായികതൊഴില്‍ നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും അടക്കം രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് കിറ്റെക്‌സ് മുതലാളിയെ കുപിതനാക്കിയിരിക്കുന്നത്. അദ്ദേഹം തന്റെ മൂവായിരത്തി അഞ്ഞൂറു കോടിയുടെ വ്യവസായ പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുമെന്നാണ് ഭീഷണി. ആന്ധ്രപ്രദേശും കര്‍ണ്ണാടകയും അടക്കമുള്ള സംസ്ഥാനങ്ങള്‍ കിറ്റെക്‌സിന് പരവതാനി വിരിച്ച് കാത്തുനില്‍ക്കുകയാണ്. കിറ്റെക്‌സിന്റെ തൊഴിലാളി ചൂഷണങ്ങളും പരിസ്ഥിതി മലിനീകരണങ്ങളും അടക്കമുള്ള നിരവധി വിഷയങ്ങള്‍ ഈ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞവയാണ്. മറ്റൊരു കാര്യം സൂചിപ്പിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ജനകീയ പ്രതിഷേധം കാരണം പശ്ചിമ ബംഗാളില്‍ നിന്ന് ഗുജറാത്തിലേക്ക് പറിച്ചുമാറ്റപ്പെട്ട ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിയെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
2006 മെയ് മാസത്തിലാണ് പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നാനോ കാറുകളുടെ നിര്‍മ്മാണത്തിനായി ഫാക്ടറി ആരംഭിക്കാന്‍ ടാറ്റാ മേധാവി രത്തന്‍ ടാറ്റ പ്രഖ്യാപനം നടത്തുന്നത്. ഏതാണ്ട് 1000 ഏക്കര്‍ നെല്‍വയല്‍ ഇതിനായി അക്വയര്‍ ചെയ്യാനുള്ള തീരുമാനത്തിനെതിരെ സിംഗൂര്‍ വാസികള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭം നടത്തിയതും തുടര്‍ന്ന് 2008ല്‍ കമ്പനി പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. ഈയവസരത്തില്‍ ടാറ്റയെ ഗുജറാത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വ്യവസായികളുടെ ഓമനയായി മാറി. നരേന്ദ്ര മോദിയുടെ ഭരണ നൈപുണ്യത്തെ മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തി.
ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ സാനന്ദിലാണ് ടാറ്റയുടെ നാനോ ഫാക്ടറി തുടങ്ങാനാവശ്യമായ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി നല്‍കിയത്. എന്നാല്‍ സാനന്ദില്‍ എന്തു സംഭവിച്ചുവെന്നോ, ടാറ്റയുടെ നാനോ കാറുകളുടെ അവസ്ഥ എന്തെന്നോ, സര്‍ക്കാര്‍ ഖജനാവില്‍ ഇതുമൂലം എന്ത് നഷ്ടം സംഭവിച്ചുവെന്നോ മാധ്യമങ്ങള്‍ ഒരിക്കലും എഴുതുകയുണ്ടായില്ല.
ചതുരശ്ര മീറ്ററിന് 10,000 രൂപ വിപണി മൂല്യമുള്ള ഭൂമി ടാറ്റയ്ക്ക് പതിച്ചു നല്‍കിയത് 900 രൂപയ്ക്കാണ്. ഈ രീതിയില്‍ 1,106ഏക്കര്‍ ഭൂമിയാണ് സാനന്ദില്‍ നാനോ ഫാക്ടറിക്കായി നല്‍കിയത്. 33,000 കോടി രൂപ ഈയിനത്തില്‍ ടാറ്റയ്ക്ക് ലാഭമുണ്ടായി. ഭൂമിയുടെ വില തവണകളായി അടക്കാനുള്ള സൗകര്യവും ഗവണ്‍മെന്റ് അനുവദിച്ചുകൊടുത്തു. കൂടാതെ 0.01% പലിശ നിരക്കില്‍ 9,570 കോടി രൂപയുടെ കടവും 20 വര്‍ഷത്തെ മൊറൊട്ടോറിയത്തോടെ പാവപ്പെട്ട ടാറ്റയ്ക്ക് മോദി സമ്മാനിച്ചു. കമ്പനിയിലേക്ക് സര്‍ക്കാര്‍ വക റോഡ് റെയില്‍ സൗകര്യങ്ങള്‍ വേറെയും. ഒരു നാനോ കാര്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുകടക്കുമ്പോഴേക്കും 60,000 രൂപയിലധികം പൊതുഖജനാവില്‍ നിന്ന് മുടക്കിയിരിക്കും! 'You are stupid if you are not in Gujarat' എന്ന് രത്തന്‍ ടാറ്റ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
സിംഗൂരിലെന്ന പോലെ ഗുജറാത്തിലെ സാനന്ദിലും കര്‍ഷകര്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രക്ഷോഭവുമായി രംഗത്തുവരികയുണ്ടായി. എന്നാല്‍ കര്‍ഷക പ്രക്ഷോഭങ്ങളെ ഏതെങ്കിലും രീതിയില്‍ പരിഗണിക്കുന്ന സ്വഭാവം അന്നും ഇന്നും മോദിക്കുണ്ടായിരുന്നില്ല.
പ്രമുഖ സാമ്പത്തിക വിദഗ്ദ്ധ ഡോ. ഇന്ദിര ഹിര്‍വേ പറയുന്നത് ശ്രദ്ധിക്കുക: '(ഗുജറാത്ത് വികസനത്തെ സംബന്ധിച്ച്) നിങ്ങള്‍ എന്തെങ്കിലും ചോദ്യങ്ങള്‍ ഉന്നിക്കാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ 'ഗുജറാത്ത് വിരുദ്ധനെ'ന്നും 'വികസന വിരുദ്ധനെ'ന്നും മുദ്ര കുത്തപ്പെടുകയായി. ഗുജറാത്തിലെ വ്യാവസായികവല്‍ക്കരണം നിര്‍ണ്ണയിക്കപ്പെടുന്നത് വിപണി ശക്തികളിലൂടെയല്ല മറിച്ച് ഏതാനും കോര്‍പ്പറേറ്റുകള്‍ക്ക് ഗവണ്‍മെന്റ് നല്‍കുന്ന ഇളവുകളിലൂടെയാണ്. ഇതിനെ 'ക്രോണി ക്യാപ്പറ്റലിസം' എന്നാണ് വിളിക്കേണ്ടത്'
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ടാറ്റയുടെ നാനോ കാര്‍ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുന്നു. സാനന്ദില്‍ മറ്റ് കാറുകളുടെ നിര്‍മ്മാണവുമായി ടാറ്റ മുന്നോട്ടുപോകുന്നു. രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട പ്രദേശമായി വാപി മുതല്‍ അങ്കലേശ്വര്‍ വരെയുള്ള ഇന്ത്യയുടെ വ്യാവസായിക ഇടനാഴി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യാവസായിക വികസനം ഏറ്റവും കൂടുതല്‍ നടന്ന ഗുജറാത്തിലാണ് സാമൂഹ്യ സേവന മേഖലകളില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപം നടത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളുടെ സംഖ്യയില്‍ ഒഡീഷയെക്കാളും താഴെയാണ് ഗുജറാത്തിന്റെ സ്ഥാനം എന്നത് വ്യാവസായിക വികസനത്തിന്റെ മറുവശമാണ്.
കിറ്റെക്‌സ് ബാബുമാരോട് ഇത്രയേ പറയാനുള്ളൂ. നിങ്ങളുടെ മൂലധനവും ലാഭവും ഇവിടുത്തെ ജനതയ്ക്ക് കൂടി അവകാശപ്പെട്ട പ്രകൃതി വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ്. ഇവിടുത്തെ തൊഴിലാളികളുടെ വിയര്‍പ്പും രക്തവും ഉള്‍ച്ചേര്‍ന്നതാണ്. രാജ്യത്തിന്റെ പൊതുനിയമങ്ങള്‍ രൂപപ്പെടുത്തപ്പെട്ടിട്ടുള്ളത് നിരന്തരമായ പോരാട്ടങ്ങളിലൂടെയും സഹനങ്ങളിലൂടെയുമാണ്. 3,500 കോടിയുടെ പദ്ധതിയും കൊണ്ട് ഞാനിതാ പോകുന്നേ എന്ന് ഭീഷണിപ്പെടുത്തി ഈ നിയമങ്ങളെല്ലാം ലംഘിക്കാനുള്ള അവകാശങ്ങള്‍ നേടിയെടുത്തേക്കാം എന്ന സ്വപ്നം ചരിത്രത്തിന്റെ ഏതെങ്കിലും ദശാസന്ധിയില്‍ വെച്ച് തകര്‍ക്കപ്പെടുക തന്നെ ചെയ്യും.