എബിജി ഷിപ്യാര്‍ഡ് ബാങ്ക് വായ്പാ തട്ടിപ്പ്; പരസ്പരം ചെളിവാരിയെറിഞ്ഞ് കോണ്‍ഗ്രസും ബിജെപിയും
ന്യൂഡല്‍ഹി; ഇന്ത്യയില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയ ഗുജറാത്തിലെ എബിജി ഷിപ്യാര്‍ഡിന്റെ ഡയറക്ടര്‍മാര്‍ക്കും ചെയര്‍മാനുമെതിരേ കേസെടുത്ത സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തി കോണ്‍ഗ്രസ്സും ബിജെപിയും. കേന്ദ്ര സര്‍ക്കാര്‍ തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യ്ുന്നത് വൈകിച്ചുവെന്ന് കോണ്‍ഗ്രസ്സും യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കമ്പനിക്ക് വായ്പ നല്‍കിയതെന്നും ഇരുകൂട്ടരും ആരോപിച്ചു.
ഫെബ്രുവരി 7നാണ് എബിജി ഷിപ്യാര്‍ഡിനെതിരേ സിബിഐ കേസെടുത്തത്. മുന്‍ ചെയര്‍മാനും എംഡിയുമായ ഋഷി കംലേഷ് അഗര്‍വാളും മറ്റ് ഡയറക്ടര്‍മാര്‍ക്കുമെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഐസിഐസിഐ ബാങ്ക് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാതെ തട്ടിപ്പുനടത്തിയെന്നാണ് ആരോപണം.
എബിജി ഷിപ്യാര്‍ഡിനെതിരേ ആരോപണമുയര്‍ന്നിട്ടും നടപടിയെടുക്കാന്‍ 5 വര്‍ഷമെടുത്തെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ആകെ 28 ബാങ്കുകളില്‍നിന്നാണ് വായ്പ വാങ്ങിയിട്ടുള്ളത്. കൂടുതല്‍ പണം നഷ്ടപ്പെട്ട ബാങ്കുകളിലൊന്നായ എസ്ബിഐ പക്ഷേ, കേസെടുക്കാന്‍ വൈകിയിട്ടില്ലെന്ന നിലപാടിലാണ്.
തട്ടിപ്പ് നടത്തി രാജ്യം വിടുന്ന സ്‌കീമിന് കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട നീരവ് മോദി, മെഹുല്‍ ചോക്‌സി, ലളിത് മോദി, വിജയ് മല്യ, ജതിന്‍ മേത്ത, ചേതന്‍, നിതിന്‍ സന്ദേശര എന്നിവരുടെ പേരും അദ്ദേഹം എടുത്തുപറഞ്ഞു. അഗര്‍വാളും മറ്റുള്ളവരും ആ പട്ടികയിലെ പുതിയ മുത്തുകളാണെന്നും അദ്ദേഹം പരിഹസിച്ചു.
ബിജെപി സര്‍ക്കാരിന്റെ കാലത്ത് 5.35 ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നും ഇത് നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.
കുറ്റകൃത്യത്തിന് പോലിസിനെ കുറ്റപ്പെടുത്തുന്ന കള്ളനെപ്പോലെയാണ് കോണ്‍ഗ്രസ് എന്ന് ബിജെപി വക്താവും രാജ്യസഭാംഗവുമായ സയ്യിദ് സഫര്‍ ഇസ്‌ലാം പറഞ്ഞു. വായ്പകളെല്ലാം 2014ന് മുമ്പ് നല്‍കിയതാണെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് ആ പണം നിഷ്‌ക്രിയ ആസ്തിയായി (എന്‍പിഎ) മാറിയെന്നും അദ്ദേഹം പറഞ്ഞു, അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയുടെ പ്രമോട്ടര്‍മാരുമായി കൈകോര്‍ത്തിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
22,842 കോടി രൂപയുടെ തട്ടിപ്പാണ് എബിജി ഷിപ്യാര്‍ഡ് കമ്പനി നടത്തിയത്.