കൊവിഡിനിടയിലും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നേട്ടമുണ്ടാക്കിയതായി വ്യവസായ വകുപ്പ്
തിരുവനന്തപുരം: രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേരള സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കിയതായി വ്യവസായ വകുപ്പിന്റെ കണക്കുകള്‍. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള 15 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2019-20 കാലയളവില്‍ 3,149 കോടി രൂപയുടെ ലാഭമുണ്ടാക്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം കലവൂരിലെ കേരള സ്‌റ്റേറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡാണ് മികച്ച നേട്ടം കൊയ്തത്. കൊവിഡ് കാലത്ത് സാനിറ്റൈസര്‍ വില്‍പനയിലൂടെയാണ് കമ്പനി ലാഭം ഇരട്ടിപ്പിച്ചത്. 2019-20 കാലയളവില്‍ കമ്പനിയുടെ വിറ്റ് വരവ് 100 കോടിയും ലാഭം 7.13 കോടിയുമായിരുന്നു. തിരഞ്ഞെടുപ്പിനും സര്‍ക്കാര്‍ വകുപ്പുകളിലേക്കും സാനിറ്റൈസര്‍ നല്‍കിയിരുന്നത് കെഎസ്ഡിപിയാണ്. ടൈറ്റാനിയം പ്രൊഡക്റ്റ് ലിമിറ്റഡാണ് മറ്റൊരു കമ്പനി. ടൈറ്റാനിയവും സാനിറ്റൈസര്‍ നിര്‍മിച്ചിരുന്നു.
ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡും ലാഭമുണ്ടാക്കിയ കമ്പനിയാണ്. കെല്‍ട്രോണ്‍, കേരള സ്‌റ്റേറ്റ് ടെകസ്‌റ്റൈല്‍ കോര്‍പറേഷന്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് എന്നിവയും ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളാണ്.