പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; മുന്‍ സൈനികന്‍ അറസ്റ്റില്‍
പത്തനംതിട്ട: പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായി. സൈനികനായിരുന്ന ദീപക് പി ചന്ദാണ് പത്തനാപുരം പോലിസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. സൈനികനായിരുന്ന ദിപക് പി ചന്ദ് രണ്ടുവര്‍ഷം മുമ്പ സൈന്യത്തില്‍ നിന്നും മുങ്ങിയ ശേഷമാണ് പണം തട്ടിപ്പ് തുടങ്ങിയത്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ബോര്‍ഡ് വച്ച വാഹനത്തില്‍ സഞ്ചരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിവന്നത്.
പത്തനാപുരം സ്വദേശിയായ പ്രവീണ്‍ നല്‍കിയ പരാതിയില്‍ തൃപ്പൂണിത്തുറയില്‍ നിന്നുമാണ് പ്രതിയെ പോലിസ് പിടികൂടിയത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നായിരുന്നു പരാതി. സൈബര്‍ പോലിസിന്റെ സഹായത്തോട് കൂടിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വാഹനവും പോലിസ് പിടിച്ചെടുത്തു. ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കാന്‍ അറിയാവുന്ന ദീപക് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനാണെന്ന് ആളുകളെ വിശ്വസിപ്പിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം തട്ടിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.