ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. കുറ്റകൃത്യത്തിന് പണം നല്‍കിയ വ്യക്തി വരെ പുറത്തിറങ്ങിയെന്നും,താന്‍ മാത്രമാണ് നിലവില്‍ ജയിലിലുള്ളതെന്നും സുനി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.അന്വേഷണം നടക്കുമ്പോള്‍ കേസില്‍ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയാണ് ജാമ്യപേക്ഷ തള്ളിയത്.
ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പള്‍സര്‍ സുനി. കേസിലെ പ്രധാന പ്രതിയാണ്. ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി, അന്വേഷണം നടക്കുമ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തി ജാമ്യപേക്ഷ തള്ളുകയായിരുന്നു.കഴിഞ്ഞ ഏപ്രിലില്‍ ഹരജി കോടതി പരിഗണിച്ചിരുന്നു.ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്.കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.