തന്റെ കുടുംബത്തെ പോലിസ് അന്യായമായി തടവില്‍ വച്ചിരിക്കുന്നു;ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി അഫ്രീന്‍ ഫാത്തിമ
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ നേതാവാണ് അഫ്രീനിന്റെ പിതാവ് ജാവേദ് മുഹമ്മദ്.
അലഹബാദ്:തന്റെ മാതാപിതാക്കളെയും സഹോദരിയേയും അലഹബാദ് പോലിസ് അന്യായമായി തടവില്‍ വച്ചിരിക്കുകയാണെന്ന പരാതിയുമായി ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് അഫ്രീന്‍ ഫാത്തിമ.അറസ്റ്റ് വാറണ്ട് ഇല്ലാതെയാണ് തന്റെ കുടുംബത്തെ കൊണ്ടു പോയതെന്നും,കുറച്ച് മണിക്കൂറുകളായി ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ അഫ്രീന്‍ ആരോപിച്ചു.പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയ പരാമര്‍ശത്തിനെതിരെ നഗരം വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നതിനിടേയാണ് പോലിസിന്റെ ഈ നടപടി.
അഫ്രീനിന്റെ പിതാവ് ജാവേദ് മുഹമ്മദ്,മാതാവ് പര്‍വീണ്‍ ഫാത്തിമ, സഹോദരി സുമയ്യ എന്നിവരെയാണ് പോലിസ് അന്യായമായി തടവില്‍ വച്ചിരിക്കുന്നത്.വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ നേതാവാണ് അഫ്രീനിന്റെ പിതാവ് ജാവേദ് മുഹമ്മദ്. വെള്ളിയാഴ്ച രാത്രി 8:50ഓടെയാണ് തന്റെ കുടുംബത്തെ വീട്ടില്‍ നിന്ന് പോലിസുകാര്‍ കൂട്ടിക്കൊണ്ടുപോയതെന്നും,മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും അഫ്രീന്‍ പരാതിയില്‍ പറയുന്നു.വീട് പൊളിച്ച് നീക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയതായും അഫ്രീന്‍ പറഞ്ഞു.പോലിസ് തന്റെ കുടുംബത്തെ കാണാന്‍ അനുവദിച്ചില്ലെന്നും,അവരുടെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിക്കാന്‍ പോലും വിസമ്മതിച്ചതായും അഫ്രീന്‍ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പോലിസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കാരണമൊന്നും വ്യക്തമാക്കാതെ പോലിസ് സ്‌റ്റേഷനിലേക്ക് വരാന്‍ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടതായി അഫ്രീന്‍ പറഞ്ഞു.കുടുംബം പോകാന്‍ വിസമ്മതിച്ചതോടെ പോലിസ് ഉദ്യോഗസ്ഥര്‍ അവരോട് വീട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടതായും അഫ്രീന്‍ പരാതിയില്‍ പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവും സിഎഎ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുഖമുദ്രയുമായ അഫ്രീന്‍ നിലവില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ദേശീയ സെക്രട്ടറിയാണ്.