മണിപ്പൂരില്‍ അഫ്‌സ്പ നിയമം ഒരു വര്‍ഷം കൂടി; ഗവര്‍ണര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചു
ക്രമസമാധാനത്തിന്റെ പേരില്‍ ആവശ്യമെന്നു തോന്നുന്ന ആരെയും അറസ്റ്റ് ചെയ്യാനും വെടിവെച്ച് കൊല്ലാനും എവിടെയും തിരച്ചില്‍ നടത്താനും സൈന്യത്തിന് അധികാരം നല്‍കുന്ന നിയമമാണ് അഫ്‌സ്പ.
ഇംഫാൽ: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ (AFSPA- Armed Forces Special Powers Act) നിയമം ഒരു വർഷത്തേക്ക് കൂടി നീട്ടി ഉത്തരവ് പുറപ്പെടുവിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ഭീകര നിയമമായി കണക്കാക്കുന്ന അഫ്‌സ്പയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് മണിപ്പൂരിൽ നിയമത്തിന്റെ കാലാവധി വർധിപ്പിച്ചിരിക്കുന്നത്.
2021 ഡിസംബർ 31 മുതൽ ഒരു വർഷത്തേക്ക് ഇംഫാൽ മുൻസിപ്പൽ പ്രദേശം ഒഴികെയുള്ള ഭാഗങ്ങളിൽ അഫ്‌സ്പ തുടരുമെന്ന് ഗവർണർ ലാ ഗണേശൻ പ്രഖ്യാപിച്ചെന്നാണ് ഉത്തരവ്. മണിപ്പൂരിനെ 'സംഘർഷ ബാധിത പ്രദേശമായി' തരംതിരിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാരിനു വേണ്ടി ആഭ്യന്തര സെക്രട്ടറി എച്ച് ഗ്യാൻ പ്രകാശ് ആണ് പ്രസിദ്ധീകരിച്ചത്. ക്രമസമാധാനത്തിന്റെ പേരിൽ ആവശ്യമെന്നു തോന്നുന്ന ആരെയും അറസ്റ്റ് ചെയ്യാനും വെടിവെച്ച് കൊല്ലാനും എവിടെയും തിരച്ചിൽ നടത്താനും സൈന്യത്തിന് അധികാരം നൽകുന്ന നിയമമാണ് അഫ്‌സ്പ.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസം, നാഗാലാൻഡ്, അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകൾ എന്നിവിടങ്ങിൽ നിലവിൽ നിയമം പ്രാബല്യത്തിലുണ്ട്. തീവ്രവാദികളുടെയും വിമതരുടെയും ആക്രമണങ്ങളെ നേരിടാൻ പ്രാദേശിക സർക്കാരിനെ സൈന്യം സഹായിക്കുമെന്നാണ് ഇപ്പോൾ പുറത്തുവിട്ട ഉത്തരവ് പറയുന്നത്.
ഡിസംബറിൽ നാഗാലാൻഡിലെ മോൺ ജില്ലയിൽ സുരക്ഷാ സേനാംഗങ്ങളുടെ വെടിയേറ്റ് 14 സിവിലിയൻമാർ കൊല്ലപ്പെട്ടിരുന്നു. കൽക്കരി ഖനിത്തൊഴിലാളികളടക്കമുള്ള പ്രദേശവാസികളെ കലാപകാരികളായി ചിത്രീകരിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് സൈന്യത്തിനും അഫ്‌സ്പ നിയമത്തിനുമെതിരേ ശക്തമായ പ്രതിഷേധമാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായത്. അഫ്‌സ്പ പിൻവലിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി.
രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയിൽ നിന്ന് നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നാഗാലാൻഡ് നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. ഇതിനു തൊട്ടുപിന്നാലെ സംസ്ഥാനത്തെ അശാന്തവും അപകടകരവുമായ പ്രദേശം എന്ന് കേന്ദ്രസർക്കാർ വിളിച്ചത് വലിയ ബഹളങ്ങൾക്കിടയാക്കി. ഈ പരാമർശത്തിനൊപ്പം നാഗാലാൻഡിൽ ആറു മാസത്തേക്ക് കൂടി അഫ്‌സ്പ നീട്ടി കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു.