ദലിത് വോട്ടുകള്‍ ലക്ഷ്യമിട്ട് അകാലിദള്‍ പഞ്ചാബില്‍ ബിഎസ്പിയുമായി സഖ്യത്തിലേക്ക്

Update: 2021-06-12 06:18 GMT

ന്യൂഡല്‍ഹി: പഞ്ചാബില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശിരോമണി അകാലിദളും ബിഎസ്പിയും തമ്മില്‍ സഖ്യമുണ്ടായേക്കുമെന്ന് സൂചന. എന്‍ഡിടിവിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. 2022ലാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ചുകൊണ്ട് അകാലിദള്‍ കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചിരുന്നു. 1992 മുതല്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് അകാലിദള്‍.

ബിഎസ്പിയുടെ സ്വാധീനത്തിനുള്ള ദലിത് വോട്ടുകളില്‍ കണ്ണുവച്ചാണ് അകാലിദളിന്റെ നീക്കം.

ബിജെപി വിട്ടുപോയ സാഹചര്യത്തില്‍ ഒഴിവു വരുന്ന സീറ്റുകള്‍ നികത്താന്‍ ബിഎസ്പിയുമായുള്ള സഖ്യം ഉപയോഗപ്പെടും. 27 വര്‍ഷത്തിനുശേഷമാണ് ബിഎസ്പിയും അകാലിദളും പരസ്പരം കൈകോര്‍ക്കുന്നത്. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അകാലിദള്‍- ബിഎസ്പി സഖ്യം പഞ്ചാബില്‍ 13ല്‍ പതിനൊന്നു സീറ്റും കരസ്ഥമാക്കിയിരുന്നു. മായാവതിയുടെ പാര്‍ട്ടി 1996 തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച എല്ലാ സീറ്റിലും അകാലിദള്‍ 10ല്‍ എട്ട് സീറ്റിലും വിജയിച്ചു.

ബിജെപി, കോണ്‍ഗ്രസ്, അരവിന്ദ് കെജ്രിവാളിന്റെ എഎപി തുടങ്ങിയവരൊഴിച്ച് ആരുമായും സഖ്യമാവാമെന്ന് കഴിഞ്ഞ മാസം പാര്‍ട്ടി നേതാവ് സുഖ്ബീര്‍ ബാദല്‍ പറഞ്ഞിരുന്നു.

ഈ പാര്‍ട്ടികളുമായി സഖ്യം സാധ്യമല്ല, മറ്റുള്ളവരുമായി സഖ്യം സ്ഥാപിക്കും. ബിജെപിയുമായി ഒരു സഖ്യത്തിനുമില്ല- ബാദല്‍ പറഞ്ഞു.

പഞ്ചാബില്‍ ദലിത് വോട്ടില്‍ 31 ശതമാനവും ബിഎസ്പിയുടെ സ്വാധീനത്തിലാണ്. ഇതില്‍ 23 ശതമാനവും ദൊവാബ പ്രദേശത്താണ്. പഞ്ചാബില്‍ ആകെ ജനസംഖ്യയില്‍ 40 ശതമാനമാണ് ദലിത് വോട്ടുകള്‍. ഇത്തവണ ബിഎസ്പി 18-20 സീറ്റില്‍ മല്‍സരിക്കാനാണ് സാധ്യത.

സംസ്ഥാനത്തെ അകാലി- ബിജെപി സഖ്യത്തിലെ ഏറ്റവും മുതിര്‍ന്ന പങ്കാളിയാണ് ശിരോമണി അകാലിദള്‍. കഴിഞ്ഞ വര്‍ഷം 117 ല്‍ 90 സീറ്റും അകാലിദളാണ് നേടിയത്. ബാക്കി ബിജെപിയും കരസ്ഥമാക്കി.

2019 ലോക് സഭാ തിരഞ്ഞെടുപ്പിലും അകാലിദളായിരുന്നു കൂടുതല്‍ സീറ്റ് നേടിയത്. 13ല്‍ പത്ത്, ബാക്കി ബിജെപി നേടി.

മൂന്ന് കാര്‍ഷിക നിയമം പാസ്സാക്കിയതിനെതില്‍ പ്രതിഷേധിച്ചാണ് ബിജെപി സഖ്യം വിടാന്‍ അകാലിദള്‍ തീരുമാനിച്ചതും സപ്തംബറില്‍ സഖ്യം അവസാനിപ്പിച്ചതും. കാര്‍ഷിക നിയമത്തിനെതിരേയുള്ള പ്രതിഷേധം പ്രധാനമായും പഞ്ചാബില്‍ നിന്നാണ് ഉയര്‍ന്നുവന്നത്. മന്ത്രിസഭയിലെ അകാലി പ്രതിനിധി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവയ്ക്കുകയും ചെയ്തു. ബില്ല് അംഗീകരിച്ച കാബിനറ്റില്‍ കൗറും അംഗമായിരുന്നു. പഞ്ചാബില്‍ ഇതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി രാജിവച്ചത്.

കഴിഞ്ഞ ആഴ്ച അകാലി മേധാവി സുഖ്ബീര്‍ ബാദല്‍ കാര്‍ഷിക ബില്ലിനെ അപകടകരവും വിഷലിപ്തവുമെന്നാണ് വിശേഷിപ്പിച്ചത്.

ബിഎസ്പിയും അകാലിദളും പിരിഞ്ഞ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ വോട്ട് ഷെയര്‍ 2007നേക്കാള്‍ കുറവായിരുന്നു. 2017 ല്‍ ഏറ്റവും മോശം അവസ്ഥയിലേക്ക് താഴ്ന്നു.

2017ലാണ് എഎപി പഞ്ചാബില്‍ 23.7 ശതമാനം വോട്ട് നേടിയത്. ഈ സമയത്ത് ബിജെപിയുടെ വോട്ട്‌ഷെയറും താഴ്ന്നു. 2007ല്‍ 8.28 ശതമാനമായിരുന്നത് 2017ല്‍ 5.4 ശതമാനമായി.

Tags:    

Similar News