ആലപ്പുഴ: കെട്ടിക്കിടക്കുന്ന നെല്ല് നാലു ദിവസത്തിനുള്ളില്‍ സംഭരിക്കാന്‍ നടപടി; ഉദ്യോഗസ്ഥര്‍ക്ക് ചുമതല
ആലപ്പുഴ: ജില്ലയിലെ വിവിധ പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്ന നെല്ല് നാലു ദിവസത്തിനുള്ളില്‍ സംഭരിക്കാന്‍ തീരുമാനം. ജില്ല കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.
നിലവില്‍ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തി. മില്ലുകളെക്കൊണ്ട് നെല്ല് എടുപ്പിക്കാനും തര്‍ക്കമുള്ള സ്ഥലങ്ങളില്‍ പാടശേഖരസമിതികളുമായി സംസാരിച്ച് സംഭരണം സുഗമമാക്കാനും വേഗത്തിലാക്കാനും അതതു അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ നടപടി സ്വീകരിക്കും. അതതുസ്ഥലത്തെ കൃഷി ഓഫിസര്‍മാര്‍ ഇതിനാവശ്യമായ സഹായം നല്‍കും.
ജില്ലയില്‍ 1.30 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചുകഴിഞ്ഞതായും ഇനി 4,000 മെട്രിക് ടണ്‍ നെല്ലാണ് വിവിധ പാടശേഖരങ്ങളിലായി സംഭരിക്കാനുള്ളതെന്നും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ മായ ഗോപാലകൃഷ്ണന്‍ യോഗത്തെ അറിയിച്ചു. 900 മെട്രിക് ടണ്‍ നെല്ല് കൊയ്യാനുണ്ട്. പല സ്ഥലങ്ങളിലും തര്‍ക്കം പരിഹരിച്ച് നെല്ലെടുക്കാനുള്ള നടപടി തുടങ്ങിയതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ പറഞ്ഞു. ഗുണനിലവാരപ്രശ്നവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുള്ളതിനാലാണ് ചില സ്ഥലങ്ങളില്‍ നെല്ലു സംഭരണത്തില്‍ തടസം നേരിടുന്നതെന്ന് യോഗം വിലയിരുത്തി. തര്‍ക്കങ്ങള്‍ പരിഹരിച്ച് വേഗത്തില്‍ നെല്ല് സംഭരണം പൂര്‍ത്തീകരിക്കാനും കൊയ്യാനുള്ള പാടശേഖരങ്ങളിലെ നെല്ലു സംഭരണത്തിന് മുന്‍കൂര്‍ നടപടി സ്വീകരിക്കാനും കളക്ടര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കും പാഡി മാര്‍ക്കറ്റിംഗ് ഓഫിസര്‍ക്കും നിര്‍ദേശം നല്‍കി.
നെല്ല് സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനാല്‍ പാടശേഖരങ്ങളില്‍ സൂക്ഷിക്കണമെന്ന വലിയ വെല്ലുവിളിയാണ് കുട്ടനാടന്‍ കര്‍ഷകര്‍ നേരിടുന്നതെന്ന് നിയുക്ത എം.എല്‍.എ. തോമസ് കെ. തോമസ് പറഞ്ഞു. നെല്ല് പാടശേഖരത്തില്‍നിന്ന് കരയിലേക്ക് എത്തിക്കാന്‍ കൂലിച്ചെലവും ഏറെയാണ്. കൊയ്താലുടന്‍ നെല്ലെടുക്കുന്നതിന് അടിയന്തര നടപടി വേണമെന്നും ട്രാക്ടര്‍ റോഡുകള്‍ വേണമെന്നും കുട്ടനാട്ടില്‍ ഒരു റൈസ് മില്‍ ആരംഭിക്കുകയാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
നെല്ലു സംഭരണം വേഗത്തിലാക്കാന്‍ കൂടുതല്‍ കൃഷി ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കൊയ്ത്ത് തീരാനുള്ള പാടശേഖരങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കാന്‍ മുന്‍കൂര്‍ നടപടി സ്വീകരിക്കണമെന്നും നിയുക്ത എം.എല്‍.എ. എച്ച്. സലാം പറഞ്ഞു. നെല്ലുസംഭരണത്തില്‍ ജില്ല നേരിടുന്ന പ്രശ്നങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.