അമ്പലമുക്ക് കൊലക്കേസ് പ്രതി രാജേന്ദ്രന്‍ കൊടുംകുറ്റവാളിയെന്ന് പോലിസ്; തമിഴ്‌നാട് ഇരട്ടക്കൊലക്കേസിലും പ്രതി

2014ല്‍ തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേന്ദ്രന്‍

Update: 2022-02-11 12:00 GMT

തിരുവനന്തപുരം: അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി രാജേന്ദ്രന്‍ കൊടുംകുറ്റവാളിയെന്ന് പോലിസ്. ഇയാള്‍ ഇരട്ടകൊലക്കേസിലും പ്രതിയാണെന്ന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. 2014ല്‍ തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേന്ദ്രന്‍.

ഇന്ന് രാവിലെയാണ് രാജേന്ദ്രന്‍ അറസ്റ്റിലായത്. യുവതിയുടെ വധത്തിന് പിന്നില്‍ മോഷണശ്രമമാണെന്നാണ് പോലിസ് വിലയിരുത്തല്‍. അമ്പലമുക്ക് കുറവന്‍കോണം റോഡിലെ ടാബ്‌സ് ഗ്രീന്‍ടെക് എന്ന അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിനീത. കഴിഞ്ഞ ഞായറാഴ്ചയാണ് കടയ്ക്കുള്ളില്‍ വിനീത കുത്തേറ്റു മരിച്ചത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണകാരണം. കടയില്‍ സിസിടിവി ഉണ്ടായിരുന്നില്ല. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.

രാജേഷ് എന്ന പേരില്‍ പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലി ചെയ്ത് വരുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് രാജേന്ദ്രന്‍ തിരുവനന്തപുത്തെത്തിയത്. തമിഴ് നാട്ടില്‍ ഗുണ്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് രാജേന്ദ്രനെന്ന് സിറ്റിപോലിസ് കമ്മിഷണര്‍ അറിയിച്ചു.

വിനീതയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുന്‍പ് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.

Tags:    

Similar News