യുപിയില്‍ ബിജെപി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച മന്ത്രിക്കെതിരേ അറസ്റ്റ് വാറന്റ്

Update: 2022-01-12 13:51 GMT

ന്യൂഡല്‍ഹി: യുപിയില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ച മന്ത്രി സ്വാമി പ്രസാദ് മൗര്യക്കെതിരേ അറസ്റ്റ് വാറന്റ്. 2014ല്‍ ചുമത്തിയ വിദ്വേഷപ്രസംഗത്തിന്റെ പേരിലാണ് ഇപ്പോള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്.

അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവച്ച് തൊട്ടടുത്ത ദിവസമാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്ന് കോടതിയില്‍ ഹാജരാവാനാണ് അദ്ദേഹത്തിന് ലഭിച്ച നോട്ടിസില്‍ പറയുന്നതെങ്കിലും മൗര്യ കോടതിയിലെത്തിയില്ല. ജനുവരി 24ാം തിയ്യതി ഹാജരാവാന്‍ കോടതി നിര്‍ദേശം നല്‍കി. കേസ് ചാര്‍ജ് ചെയ്ത സമയത്ത് അദ്ദേഹം ബിഎസ്പി നേതാവായിരുന്നു. 

'വിവാഹസമയത്ത് ഗൗരി ദേവിയെയോ ഗണപതിയെയോ ആരാധിക്കരുത്. ദളിതരെയും പിന്നോക്ക ജാതിക്കാരെയും തെറ്റിദ്ധരിപ്പിക്കാനും അടിമകളാക്കാനുമുള്ള സവര്‍ണ മേധാവിത്വ വ്യവസ്ഥയുടെ ഗൂഢാലോചനയാണിത്'- എന്നായിരുന്നു അന്നദ്ദേഹം പ്രസംഗിച്ചത്.

2016ല്‍ അദ്ദേഹത്തിരേയുള്ള അറസ്റ്റ് വാറന്റ് അലഹബാദ് ഹൈക്കോടതി മരവിപ്പിച്ചു. അതിനുശേഷം ആ കേസില്‍ ഇതുവരെ ഹിയറിങ് നടന്നിട്ടില്ല. രാജി വച്ച വാര്‍ത്ത പുറത്തുവന്നതിനുശേഷമാണ് കേസ് വീണ്ടും പരിഗണിച്ചത്.

സുല്‍ത്താന്‍പൂര്‍ കോടതിയാണ് അദ്ദേഹത്തോട് ഹാജരാവാന്‍ നിര്‍ദേശിച്ചത്. പക്ഷേ, അദ്ദേഹം ഹാജരായില്ല, കോടതി വാറന്റ് പുതുക്കി ഉത്തരവായി.

യുപി തിരഞ്ഞെടുപ്പിന് മുമ്പ് മൗര്യ പാര്‍ട്ടി വിട്ടത് ബിജെപിക്ക് കടുത്ത തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. ഏറെ അനുയായികളുളള പിന്നാക്ക നേതാവാണ് മൗര്യ.

തനിക്കൊപ്പം ഇനിയും മന്ത്രിമാരും എംഎല്‍എമാരുമുണ്ടെന്നും മൗര്യ ഭീഷണി മുഴക്കി. അഞ്ച് പേര്‍ നിലവില്‍ രാജിവച്ചിട്ടുണ്ട്.

മൗര്യ മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും ബിജെപി അംഗത്വം ഉപേക്ഷിച്ചിട്ടില്ല. അതുടനെയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുകയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചുപോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News