ആനിക്കാട് സ്‌ഫോടനം: വ്യാജ പ്രചാരണം നടത്തി വര്‍ഗീയ കലാപത്തിന് ശ്രമിച്ച ബിജെപി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
പത്തനംതിട്ട: മല്ലപ്പള്ളി ആനിക്കാട് പ്രദേശത്ത് പാറ പൊട്ടിക്കാന്‍ കൈവശം വച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവത്തില്‍ നുണകള്‍ പ്രചരിപ്പിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്തി കലാപം നടത്താനുള്ള ആര്‍എസ്എസ്-ബിജെപി നീക്കത്തിനെതിരെ അധികാരികള്‍ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് സജീവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കി മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിനുപിന്നിലുള്ളത്. കിണര്‍ പണിക്കാരായ സണ്ണി, ബേബി എന്നിവരുടെ കൈവശം പാറ പൊട്ടിക്കാനായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍, സംഭവം നടന്നതിന് പിന്നാലെ മുസ് ലിം ലീഗ് പ്രവര്‍ത്തകന്റെ ചായക്കടയില്‍ സൂക്ഷിച്ച ബോംബ് പൊട്ടിയെന്നും വലിയ ദുരൂഹതയുണ്ടെന്നുമൊക്കെയുള്ള നിറം പിടിപ്പിച്ച വാര്‍ത്തകളാണ് ആര്‍എസ്എസും സംഘപരിവാര ചാനലായ ജനം ടിവിയും പ്രചരിപ്പിച്ചത്. പോപുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും ബന്ധമുണ്ട് എന്നതരത്തിലും അപകീര്‍ത്തികരമായ പ്രചാരണം സംഘപരിവാര കേന്ദ്രങ്ങളില്‍ നിന്നുമുണ്ടായി. പോലിസിന്റെ പേരുപോലും ഉദ്ധരിച്ചാണ് ഇവര്‍ വ്യാജപ്രചരണം നടത്തിയത്. ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ ഫേസ്ബുക്ക് പേജുകള്‍ വഴിയും വ്യാപകമായി വ്യാജപ്രചാരണം നടത്തിയിട്ടുണ്ട്. സംഭവത്തിന്റെ വസ്തുതകള്‍ പുറത്തുവന്നിട്ടും നുണപ്രചാരണം തിരുത്താന്‍ ഇക്കൂട്ടര്‍ തയ്യാറായിട്ടില്ല. നുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനും അതുവഴി കലാപമുണ്ടാക്കാനുള്ള ആര്‍എസ്എസിന്റെ ആസുത്രിത ശ്രമം തടയാന്‍ ആഭ്യന്തരവകുപ്പ് നടപടിയെടുക്കണം. പോലിസിന്റെ ഉദ്ധരിച്ച് വ്യാജവാര്‍ത്തകള്‍ നല്‍കിയ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ക്കും ഇവര്‍ നല്‍കിയ നുണകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.