സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി;കേസെടുത്ത് പോലിസ്
കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയിലാണ് കേസെടുത്തത്.
കോഴിക്കോട്:സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി.പീഡനശ്രമത്തിന് കൊയിലാണ്ടി പോലിസ് കേസെടുത്തു.കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. 2020ല്‍ എഴുത്തുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.
സിവിക് ചന്ദ്രനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പോലിസ് തന്നെയാണ്. കേസെടുത്ത് മൂന്നാഴ്ചയോളം ആയിട്ടും ഈ പരാതിയില്‍ സിവിക് ചേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ പോലിസിനായിട്ടില്ല. സിവിക് സംസ്ഥാനം വിട്ടതായാണ് പോലിസ് പറയുന്നത്.
അറസ്റ്റ് വൈകുന്നതിനെതിരെ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.100 പേരാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ആരോപണ വിധേയന്റെ പേരില്‍ ഒന്നിലധികം സ്ത്രീകള്‍ മീടൂ പരാതി സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചതും നിവേദനത്തില്‍ പറയുന്നുണ്ട്.കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു.'അതിജീവിതമാര്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയില്‍ കവി കെ സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍, കെ അജിത, ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അടക്കം 100 പേര്‍ ഒപ്പുവെച്ചു.
അതേസമയം ആദ്യ പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും. വിശദമായ വാദം കേള്‍ക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ സിവികിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു.