സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരം: പിടികൂടാനുള്ളവരുടെ പോസ്റ്റര്‍ പ്രചരണവുമായി യുപി പോലീസ്
പ്രക്ഷോഭകരുടെ ഫോട്ടോയും വിവരങ്ങളുമുള്ള പോസ്റ്ററില്‍ അവരെ കുറിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ലക്നൗ: പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭകരെ വേട്ടയാടാനുള്ള നടപടികള്‍ യുപി പോലീസ് വീണ്ടും ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും പോലിസ് കേസിനെ തുടര്‍ന്ന് ഒളിവില്‍ പോവുകയും ചെയ്ത 12 പേരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ വീണ്ടും പ്രചരിപ്പിക്കുന്നതായി യുപി പോലിസ് അറിയിച്ചു. നേരത്തെ ഇത്തരത്തിലുള്ള പോസ്റ്റര്‍ പ്രചരണം അലഹബാദ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരെ യുപി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
പ്രക്ഷോഭകരുടെ ഫോട്ടോയും വിവരങ്ങളുമുള്ള പോസ്റ്ററില്‍ അവരെ കുറിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടുന്നതുള്‍പ്പടെയുള്ള നടപടികള്‍ യുപി സര്‍ക്കാര്‍ നേരത്തെയും സ്വീകരിച്ചിരുന്നു. കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയവരെ കണ്ടെത്താന്‍ വീടുകയറി പരിശോധന നടത്തിയ പോലീസുകാര്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചതായി പരാതിയും വ്യാപകമായി ഉയര്‍ന്നിരുന്നു.