ഡല്‍ഹി സിഖ് വിരുദ്ധ കലാപം: ദൃക്‌സാക്ഷിയായ ആയുധ വ്യാപാരി അഭിഷേക് വര്‍മയ്ക്ക് സുരക്ഷയൊരുക്കുന്നത് തുടരാന്‍ കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അഴിച്ചു വിട്ട സിഖ് വിരുദ്ധ കലാപത്തിലെ സാക്ഷികളിലൊരാളായ അഭിഷേക് വര്‍മയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സുരക്ഷ തുടര്‍ന്നു നല്‍കാന്‍ ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജ്യോത് ഭല്ല ഉത്തരവിട്ടു. ആയുധ വ്യാപാരിയായ അഭിഷേക് വര്‍മയ്ക്ക് നല്‍കി വരുന്ന സുരക്ഷ ഡല്‍ഹി പോലിസ് പൊടുന്നനെ പിന്‍വലിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ നിരവധി പേരുടെ അഭിഭാഷകനായ എച്ച് എസ് പോല്‍ക്കയുടെ ജീവന് ഭീഷണിയോണ്ടോ എന്ന് പരിശോധിക്കാനും കോടതി ബന്ധപ്പെട്ട ഡപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടു.
ജഗദീഷ് ടൈറ്റ്‌ലര്‍ പ്രതിയായ 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ സാക്ഷികളിലൊരാളാണ് വര്‍മ. നല്‍കിയിരുന്ന സുരക്ഷ ഡല്‍ഹി പോലിസ് പൊടുന്നനെ എടുത്തുമാറ്റിയ സാഹചര്യത്തിലാണ് വര്‍മ കോടതിയെ സമീപിച്ചത്. സുരക്ഷ നല്‍കുന്നത് ഒരു മാസത്തേക്ക് തുടരാനാണ് ഉത്തരവ്. പിന്നീട് പോലിസിനോട് സാഹചര്യം റിവ്യു ചെയ്യാനും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാവുന്നതാണെന്നും മജിസ്‌ട്രേറ്റ് ഉത്തരവില്‍ വ്യക്തമാക്കി.
മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വടക്കന്‍ ഡല്‍ഹിയിലെ പുല്‍ബങ്കേശ് ഗുരുദ്വാരയില്‍ നടന്ന കലാപത്തിലെ സാക്ഷിയാണ് വര്‍മ. ഇന്ദിരാഗാന്ധി മരിച്ചതിനു തൊട്ടു ദിവസമായ നവംബര്‍ 1, 1984 ലാണ് സംഭവം നടന്നത്.
തനിക്ക് ഈ കലാപത്തില്‍ പങ്കില്ലെന്ന് ജഗ്ദീഷ് ടൈറ്റ്‌ലര്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. സിബിഐ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരേ കലാപത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ആ കേസ് ഇപ്പോള്‍ നടക്കുകയാണ്.