കോട്ടയം: മണര്‍കാട്ടെ അര്‍ച്ചന രാജു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ബിനുവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ മൂന്നിനാണ് അര്‍ച്ചനയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബിനുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അര്‍ച്ചനയുടെ മരണശേഷം ബിനുവിനെതിരേ പരാതിയുമായി കുടുംബാംഗങ്ങളെത്തിയിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ മണര്‍കാട് പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കുകയും ചെയ്തു. അര്‍ച്ചനയുടെ ഡയറിക്കുറിപ്പുകളും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ബാത്ത് റൂമില്‍ തൂങ്ങിയ നിലയിലായിരുന്നു അര്‍ച്ചന.
എന്നാല്‍, ബാത്ത്‌റൂമിനുള്ളില്‍ വീണതാണെന്നായിരുന്നു ഭര്‍തൃവീട്ടുകാര്‍ അര്‍ച്ചനയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്. ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് നിരന്തരം അര്‍ച്ചനയെ മര്‍ദ്ദിക്കുമായിരുന്നെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. അര്‍ച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാന്‍ സമ്മതിക്കില്ലെന്നും തങ്ങളുടെ മുന്നില്‍ വച്ചും അര്‍ച്ചനയെ ബിനു മര്‍ദ്ദിച്ചിട്ടുണ്ടെന്നും സഹോദരിമാര്‍ പറയുന്നു. രണ്ടര വര്‍ഷം മുമ്പായിരുന്നു ഓട്ടോ കണ്‍സള്‍ട്ടന്റായ ബിനുവും അര്‍ച്ചനയും തമ്മിലുള്ള വിവാഹം നടന്നത്. സ്വത്തും സ്വര്‍ണവും വേണ്ടെന്ന് പറഞ്ഞാണ് കിടങ്ങൂര്‍ സ്വദേശിനിയായ അര്‍ച്ചനയെ ബിനു കല്യാണം കഴിച്ചത്. പിന്നീട് ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.