പോലിസുകാരുടെ പെരുമാറ്റം പരിശോധിക്കാന്‍ വേഷ പ്രഛന്നയായി എഎസ്പി; 'പരാതിക്കാരി'യായി എത്തി മതിപ്പോടെ മടങ്ങി

Update: 2020-06-15 06:55 GMT

പെരിന്തല്‍മണ്ണ: എഎസ്പിയായി ചുമതലയേറ്റതിനു പിന്നാലെ ഹേമലത ഐപിഎസ് വേഷ പ്രഛന്നയായി പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനിലെത്തി. സ്‌റ്റേഷനിലെ പിആര്‍ഒ ഷാജിയോട് പരാതി ബോധിപ്പിക്കാനുണ്ടെന്നും കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ച് തന്റെ പേഴ്‌സ് നഷ്ടപ്പെട്ടെന്നും പറഞ്ഞു. പിആര്‍ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാജി പരാതിക്കാരയോട് ഉടനടി ഒരു പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയും കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെടുകയും ചെയ്തു.

പരാതിക്ക് റസീപ്റ്റ് വേണ്ടെന്ന് എഎസ്പി പറഞ്ഞെങ്കിലും റസീപ്റ്റ് നിര്‍ബന്ധമായും കൈപറ്റണമെന്ന് പിആര്‍ഒ അറിയിക്കുകയായിരുന്നു. പിആര്‍ഒ തന്നോട് സൗഹാര്‍ദ്ധപരമായാണ് പെരുമാറിയതെന്നും തമിഴ്‌നാട്ടുകാരിയായ തന്നോട് ഭാഷാ പ്രശ്‌നം പരിഹരിക്കുന്നതിനായി ലളിതമായ ഇംഗ്ലീഷിലും മലയാളത്തിലും സംസാരിക്കുകയും ചെയ്തവെന്നും എഎസ്പി പറഞ്ഞു. സ്‌റ്റേഷനിലുള്ളവരെല്ലാം തന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയതെന്നും കൈ കഴുകാന്‍ സാനിറ്റൈസര്‍ നല്‍കുകയും ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.-ഹേമലത ഐപിഎസ് പറഞ്ഞു. പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങുന്നതിടെയാണ് പുതിയ എഎസ്പി താന്‍ ആരാണെന്ന് വെളിപ്പെടുത്തിയത്. പിആര്‍ഒ ഷാജിയേയും സ്‌റ്റേഷനിലെ പോലിസുകാരെയും അഭിനന്ദിച്ച ശേഷമാണ് എഎസ്പി മടങ്ങിയത്.

Tags:    

Similar News