ആസ്പിരേഷന്‍ പദ്ധതി: അശ്മില്‍ ശാസ് അഹമ്മദിന് ദുബയിലേക്ക് പറക്കാം

Update: 2021-10-26 14:01 GMT

കല്‍പ്പറ്റ: ആസ്പിരേഷന്‍ പദ്ധതിയിലൂടെ സൗജന്യമായി ദുബായ് എക്‌സ്‌പോ കാണാനുള്ള അവസരം അശ്മില്‍ ശാസ് അഹമ്മദിന്. വയനാട് ജില്ലയിലെ എണ്ണൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച പ്രാഥമിക മത്സര പരീക്ഷയും തുടര്‍ റൗണ്ടുകളും പിന്നിട്ടാണ് തൊണ്ടര്‍നാട് എംറ്റിഡിഎം എച്ച്എസ്സിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയായ അശ്മില്‍ ഈ നേട്ടം കരസ്ഥമാക്കിയത്.

കോറോം കോരന്‍കുന്നന്‍ മൊയ്തീന്റെയും ലൈലയുടെയും മകനാണ് അശ്മില്‍ ശാസ് അഹമ്മദ്. 

സ്‌കൂള്‍തലത്തിലുള്ള ആദ്യ റൗണ്ട് പരീക്ഷയ്ക്ക് ശേഷം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടന്ന രണ്ടാം റൗണ്ട് പരീക്ഷയില്‍ 57 പേരാണ് ജില്ലയില്‍ നിന്നും പരീക്ഷയെഴുതിയത്. ഇതില്‍ നിന്നും മികവുതെളിയിച്ച ഏഴു പേരെയാണ് പ്രത്യേക പാനലിന് മുന്നിലുള്ള മുഖാമുഖത്തില്‍ പങ്കെടുപ്പിച്ചത്. ഏറ്റവും മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ ദുബായ് എക്‌സ്‌പോ കാണാനുള്ള തിരഞ്ഞെടുക്കാനുള്ള മുഖാമുഖമാണ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കളക്‌ട്രേറ്റില്‍ നടന്നത്. വിവിധ വിഷയങ്ങളിലുള്ള കുട്ടികളുടെ പരന്ന അറിവുകള്‍ പരിശോധിക്കുന്നതിനുള്ള മുഖാമുഖത്തിന് സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പാനലാണുണ്ടായിരുന്നത്. ഇതില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കും ഗ്രേഡും നേടിയ അശ്മില്‍ ശാസ് അഹമ്മദ് മറ്റുള്ളവരെ പിന്നിലാക്കി നേട്ടം കൈവരിക്കുകയായിരുന്നു.

ഒമ്പതാം തരത്തില്‍ പഠിക്കുമ്പോള്‍ ദേശീയ ഗണിത ശാസ്ത്രമേളയിലും അശ്മില്‍ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. കുഞ്ഞോം എയുപി സ്‌കൂള്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിനി ആയിഷയാണ് അശ്മിലിന്റെ സഹോദരി. 

രാജ്യത്തെ 112 ആസ്പിരേഷന്‍ ജില്ലകളായി നീതി ആയോഗ് പ്രഖ്യാപിച്ചതില്‍ കേരളത്തില്‍ നിന്നുള്ള ഏക ജില്ലയാണ് വയനാട്. ആസ്പിരേഷന്‍ ജില്ലകളില്‍ നിന്നും മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെയാണ് നീതി ആയോഗ്  ദുബയ് എക്‌സപോ കാണാന്‍ സൗജന്യമായി കൊണ്ടുപോകുന്നത്. യാത്രയുടെ വിശദാംശങ്ങള്‍ നീതി ആയോഗ് തീരുമാനിക്കും.  

Similar News