2022ല്‍ മാത്രം 16,128 ലഹരി കേസുകള്‍; സ്ഥിരം പ്രതികളെ കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി
നിയമസഭയില്‍ പ്രതിപക്ഷം ലഹരിവ്യാപനം അടിയന്തരപ്രമേയമായി അവതരിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കോണ്‍ഗ്രസ് എംഎല്‍എ പിസി വിഷ്ണുനാഥാണ് നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 2022ല്‍ മാത്രം 16,128 കേസുകളാണ് ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് അടിയന്തിര പ്രമേയമവതരിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു.
ലഹരി ഉപയോഗം, വ്യാപാരം എന്നിവ സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് വര്‍ധിച്ചുവെന്നും തടയാന്‍ ഫലപ്രദമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. 2022ല്‍ മാത്രം 16,228 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്ഥിരം ലഹരിക്കേസില്‍ പെടുന്നവരെ കരുതല്‍ തടങ്കലിലാക്കും. പോലിസും എക്‌സൈസും ഒരുമിച്ചുള്ള നടപടികള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. കേസില്‍ ഉള്‍പ്പെടുന്നവരുടെ ഹിസ്റ്ററി ഷീറ്റ് തയാറാക്കി സൂക്ഷിക്കും. ഇവരെ നിരന്തരം നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്
ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തില്‍ കുറേക്കാലമായി ഭീഷണിയായി വളര്‍ന്നിട്ടുണ്ട് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ലഹരി ഉപയോഗത്തില്‍ വര്‍ദ്ധനയും പുതിയ രീതികളും ഉണ്ടാകുന്നുണ്ട്. അത് സംസ്ഥാനത്തോ നമ്മുടെ രാജ്യത്തോ മാത്രം ഒതുങ്ങുന്ന വിഷയമല്ല. ഈ ലഹരിയുടെ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നത്. സമീപനാളുകളില്‍ ലഹരിക്കടത്തും വില്‍പ്പനയും പിടിക്കപ്പെടുന്നതിന്റെ അളവ് വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായാണ്.
എക്‌സൈസ്, പോലിസ് വകുപ്പുകള്‍ ഏകോപിതമായി ലഹരിമരുന്നു വേട്ട നടത്തുന്നുണ്ട്. ലഹരി ഉപഭോഗം സംബന്ധിച്ച് 2020ല്‍ 4,650 ഉം 2021ല്‍ 5,334 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022ല്‍ ആഗസ്റ്റ് 29 വരെയുള്ള കണക്കുപ്രകാരം 16,128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020 ല്‍ 5,674 പേരെയും 2021 ല്‍ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2022ല്‍ 17,834 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വ്യാപാരാവശ്യത്തിനായി എത്തിച്ച 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എം.ഡി.എം.എയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തു.
നേരത്തെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കില്‍ സിന്തറ്റിക് രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപഭോഗവുമാണ് നിലവിലെ വലിയ ഭീഷണി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം ലഹരിമരുന്നുകള്‍ എത്തിച്ചേരുന്നു. അങ്ങനെയുള്ള കേസുകള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് മാത്രമല്ല വിവിധ ജനവിഭാഗങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏകോപിത സമീപനമാണ് ഈ വിപത്ത് തടയാന്‍ ആവശ്യം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.
സഭയില്‍ വിഷയത്തില്‍ പ്രതിപക്ഷ ഭരണ പക്ഷ സഹകരണമാണ് ദൃശ്യമായത്. അയ്യായിരം കേസുകളില്‍ നിന്നാണ് ഈ വര്‍ഷം വെറും എട്ടു മാസം കൊണ്ട് 120 % വര്‍ദ്ധനവുണ്ടായതെന്ന് വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. പഞ്ചാബ് കഴിഞ്ഞാല്‍ ഏറ്റവുമധികം മയക്കുമരുന്ന് ബാധിത പ്രദേശം കേരളമാണെന്ന നിലയിലേക്ക് എത്തിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. ലഹരിക്കെതിരെ ഒറ്റക്കെട്ടായി യുദ്ധസന്നാഹത്തിന് ഒരുങ്ങുന്നു എന്ന സന്ദേശമാണിതെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു. വിഷയം ഉന്നയിച്ച പിസി വിഷ്ണുനാഥിനെ അഭിനന്ദിച്ച സ്പീക്കര്‍, മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് നിയമസഭയുടെയും സഭ ടിവിയുടേയും പൂര്‍ണ്ണ സഹകരണമുണ്ടാകുമെന്നും പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി സഭയില്‍ പറഞ്ഞ ലഹരി കണക്ക്
കേസുകള്‍
2020- 4650
2021 - 5334
2022 - 16,128 (ഓഗസ്റ്റ് 29 വരെ)
പിടിയിലായവര്‍
2020- 5674
2021 - 6704
2022 - 17,834
ഈ വര്‍ഷം പിടികൂടിയത്
1340 കിലോ കഞ്ചാവ്
6.7 കിലോ എം.ഡി.എം.എ
23.4 കിലോ ഹാഷിഷ് ഓയില്‍