തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഡിജിപിക്ക് പരാതി നല്‍കി
ആലപ്പുഴ: ആലപ്പുഴയ്ക്കടുത്ത് തൃക്കുന്നപ്പുഴയില്‍ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിയെ അര്‍ധരാത്രിയില്‍ ആക്രമിച്ച കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കി. പോലിസ് മേധാവി അനില്‍ കാന്തിനെ ഫോണില്‍ വിളിച്ചാണ് ചെന്നിത്തല പരാതി അറിയിച്ചത്. പ്രതികളെ ഉടന്‍ കണ്ടെത്തുമെന്ന് ഡിജിപി ഉറപ്പുനല്‍കി.
രാത്രിയില്‍ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നതു നേരിട്ട് കണ്ടിട്ടും കുറ്റവാളികള്‍ക്കു രക്ഷപ്പെടാനുള്ള പഴുതാണ് പോലിസ് ഒരുക്കിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. തന്നെയുമല്ല, ആക്രമിക്കപ്പെട്ട സ്ത്രീയോട് വളരെ മോശമായി പെരുമാറുകയും ചെയ്തു. പട്രോളിംഗ് സംഘം അവസരോചിതമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കുറ്റവാളികളെ കൈയോടെ പിടികൂടാമായിരുന്നുവെന്നും ഇരയുടെ പരാതി പോലും കേള്‍ക്കാന്‍ പൊലിസ് തയാറായില്ലെന്നും ചെന്നിത്തല ഡിജിപിയെ അറിയിച്ചു.
കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഉള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പോലിസും സര്‍ക്കാരും വെറും നോക്കുകുത്തികളായി മാറിയിരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് തൃക്കുന്നപ്പുഴ പാലൂര്‍ ഭാഗത്ത് കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവര്‍ത്തക സുബിനയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ആക്രമണത്തില്‍ സുബിനക്ക് കഴിത്തില്‍ പരിക്കുണ്ട്. ബൈക്കില്‍ പോവുകയായിരുന്ന സുബിനയെ അടിച്ചുവീഴ്ത്തുകയായിരുന്നു. ഏകദേശം അതേ സമയത്താണ് പോലിസ് പട്രോളിങ് വാഹനം സ്ഥലത്തെത്തിയത്. പോലിസിനെ അപ്പോള്‍ത്തന്നെ കാര്യം അറിയിച്ചെങ്കിലും അവരുടെ പ്രതികരണം കാര്യക്ഷമമായിരുന്നില്ലെന്ന് സുബിനയുടെ കുടുംബം പറയുന്നു.