ബേപ്പൂർ ഇന്റർനാഷണൽ വാട്ടര്‍ ഫെസ്റ്റ്: ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു

Update: 2022-12-24 12:05 GMT

കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടര്‍ ഫെസ്റ്റിന് ഉണ്ടായേക്കാവുന്ന ജനത്തിരക്ക് കണക്കിലെടുത്ത് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാവര്‍ക്കും ഫെസ്റ്റ് ആസ്വദിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും പോലീസിന്റെയും വളണ്ടിയര്‍മാരുടെയും നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു. മഴപോലുള്ള അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായാല്‍ തിക്കിത്തിരക്കാതെ ശാന്തതയോടെ മാത്രം ഇരിപ്പിടത്തില്‍ നിന്നോ നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നോ മാറുക. പ്രധാന ഗേറ്റുകള്‍, പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളില്‍ കൂട്ടം കൂടി നില്‍ക്കരുത്.

സ്റ്റേജിലും പ്രധാന പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രായമായവര്‍, കുട്ടികള്‍ എന്നിവരുടെ സുരക്ഷ പ്രത്യേകം ഉറപ്പാക്കണം. ആള്‍ക്കൂട്ടത്തില്‍ കൈവിട്ടു പോകാതിരിക്കാനും ശ്രദ്ധിക്കണം. ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ പോലീസിനെ അറിയിച്ച് പരിഹാരം തേടാം. അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കണം.

സുരക്ഷ മുന്‍നിര്‍ത്തി ബേപ്പൂരില്‍ നിന്നുള്ള ജങ്കാര്‍ സര്‍വ്വീസ് രാത്രി 7 മണിക്കുശേഷം ഉണ്ടായിരിക്കില്ല. പകരം പ്രത്യേകം ഏര്‍പ്പാടാക്കിയ മിനി ബസ് സര്‍വ്വീസ് പ്രയോജനപ്പെടുത്താം. കൂടാതെ പ്രതികൂല കാലാവസ്ഥയില്‍ പ്രത്യേക മുന്നറിയിപ്പില്ലാതെ തന്നെ ജങ്കാര്‍ സര്‍വ്വീസ് നിര്‍ത്തിവച്ചേക്കും.നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകളെ ഒരു കാരണവശാലും ജങ്കാറില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. അതിനാല്‍ മറ്റ് യാത്രാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. കോവിഡ് ജാഗ്രതയുടെ ഭാഗമായി ഫെസ്റ്റിന് എത്തുന്നവര്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Similar News