ബീഹാര്‍ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയുമായി സഖ്യം പ്രഖ്യാപിച്ച് ബിഎസ്പി, ഉപേന്ദ്ര കുശ് വാഹ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
ലഖ്‌നോ: ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയും ഒരുമിച്ച് ബീഹാര്‍ സംസ്ഥാന തിരഞ്ഞെടുപ്പിനെ നേരിടും. മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ് വാഹയായിരിക്കും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ലഖ്‌നോവില്‍ നടന്ന പത്രസമ്മേളനത്തില്‍ മായാവതിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ബിഎസ്പി, ആര്‍എല്‍എസ്പി മുന്നണി സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി പോരാടുമെന്നും അവര്‍ പറഞ്ഞു.
തങ്ങളുടെ സഖ്യം ദലിതരുടെയും ആദിവാസികളുടെയും പിന്നാക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ഉയര്‍ന്ന വര്‍ഗത്തിലുള്ളവരുടെയും സവര്‍ണരിലെ പാവപ്പെട്ടവരുടെയും താല്‍പര്യം സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ രൂപപ്പെടുത്തിയതാണ്. അതിനു വേണ്ടി നിലകൊള്ളുകയും ചെയ്യും. എന്നാല്‍ കൊവിഡ് കാലമായതിനാല്‍ ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകാന്‍ കഴിയില്ലെന്ന് മായാവതി അറിയിച്ചു.
ബീഹാര്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3, 7 തിയ്യതികളിലായിരിക്കും നടക്കുക. നവംബര്‍ 10ന് വോട്ടെണ്ണല്‍ നടക്കും.
എന്‍ഡിഎയ്ക്കു പുറമെ ആര്‍ജെഡി നേതൃത്വം കൊടുക്കുന്ന രണ്ടാം മുന്നണിയും ബിഎസ്പിയുടെ മൂന്നാം മുന്നണിയും മല്‍സരരംഗത്തുണ്ടാവുമെന്നാണ് കരുതുന്നത്.