ബിജെപി നേതാവ് സോണാലി ഫോഗട്ടിന്റെ കൊലപാതകം: അന്വേഷണം തൃപ്തികരമല്ല; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മകള്‍
ന്യൂഡല്‍ഹി: ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് മകള്‍ യശോധര ഫോഗട്ട്. ഗോവ പോലിസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുടുംബം വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉറപ്പ് നല്‍കിയതായും മകള്‍ പറഞ്ഞു.
സോണാലി ഫോഗട്ടിന്റെ കുടുംബം ആഗസ്റ്റ് 27 ന് ഖട്ടറിനെ കണ്ടിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
ഗോവന്‍ പോലിസ് ഒരു നടപടിയും എടുക്കുന്നില്ലെന്നും കൊലപാതകത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും കുടുംബം പറയുന്നു.
''പ്രതികളെ ഗോവയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശ്യം ഇതുവരെ വ്യക്തമല്ല. സിബിഐ അന്വേഷണം ഉണ്ടാകുന്നതുവരെ ഞങ്ങള്‍ പിന്നോട്ട് നില്‍ക്കില്ല. സിബിഐ അന്വേഷണം നടക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല''- മകള്‍ പറഞ്ഞു. തന്റെ മാതാവിന്റെ കൊലപാതകം 'ആസൂത്രിതമായിരുന്നു'വെന്നും അവര്‍ അവകാശപ്പെട്ടു.
ഗോവയില്‍ ഒരാഴ്ചയോളം ഷൂട്ടിംഗ് നടക്കുമെന്ന് അമ്മ പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് ദിവസത്തേക്കാണ് റിസോര്‍ട്ട് ബുക്ക് ചെയ്തത് കൊലപാതകത്തിന്റെ സൂചനയാണ് നല്‍കുന്നതെന്നും മകള്‍ അഭിപ്രായപ്പെട്ടു.
അന്വേഷണത്തിനായി ഗോവ പോലിസ് ഹരിയാനയില്‍ എത്തിയതിനെക്കുറിച്ച് കുടുംബത്തിന് വിവരമൊന്നുമില്ലെന്നും മാധ്യമങ്ങളിലൂടെ ലഭിച്ച വിവരം മാത്രമേയുള്ളൂവെന്നും സോണാലി ഫോഗട്ടിന്റെ ബന്ധു മനോജ് ഫോഗട്ട് പറഞ്ഞു.
അതേസമയം, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് രഹസ്യ റിപോര്‍ട്ട് അയച്ചിട്ടുണ്ടെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും സൊനാലി ഫോഗട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. സൊണാലിയുമായി ബന്ധപ്പെട്ട സ്വത്തുക്കളും അക്കൗണ്ടുകളും സംഘം അന്വേഷിക്കും.