ഹരിയാനയില്‍ എന്‍ഡിഎ ഹാട്രിക്കിലേക്ക്
90 അംഗ നിയമസഭയില്‍ 49 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു
ചണ്ഡീഗഡ്: ഭരണവിരുദ്ധ വികാരവും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുമെല്ലാം മറികടന്ന് ഹരിയാനയില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കേ 90 അംഗ നിയമസഭയില്‍ 49 സീറ്റിലാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ലീഡ് ചെയ്യുന്നത്. എന്നാല്‍, വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസാണ് മുന്നില്‍ നില്‍ക്കുന്നത്. പകല്‍ 12.30 വരെ കോണ്‍ഗ്രസ് സഖ്യത്തിന്റെ വോട്ട് വിഹിതം 40.25 ശതമാനമാണ്. എന്‍ഡിഎക്ക് ഇത് 39.29 ശതമാനം മാത്രമാണ്.
കര്‍ഷക സമരം, ഗുസ്തിക്കാരുടെ സമരം, അഗ്നിവീര്‍ പദ്ധതിക്ക് എതിരായ സമരം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടാണ് ബിജെപി ഇപ്പോള്‍ കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്. നാലു തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയില്‍ റോഡ് ഷോ നടത്തിയത്.
ജാട്ട് വിഭാഗങ്ങളുടെ വോട്ട് നേടാന്‍ നടത്തിയ ശ്രമങ്ങള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ജാട്ട് വോട്ടുകളുടെ പിന്നാലെ പോയത് മറ്റു സമുദായങ്ങളെ എതിരാക്കിയെന്നാണ് അനുമാനം. ദലിത് വിഭാഗങ്ങളും ബിജെപിയെയാണ് കൂടുതലായും പിന്താങ്ങിയത്.
ബിജെപി നേതാവായ നയാബ് സിങ് സൈനി ആറു മാസം മുമ്പ് മാത്രം മുഖ്യമന്ത്രിയായത് ഭരണവിരുദ്ധ വികാരം കുറയാന്‍ സഹായിച്ചെന്നും വിലയിരുത്തലുണ്ട്. കൂടാതെ മന്ത്രിസഭയിലെ മുതിര്‍ന്ന വ്യക്തികളെ ഒഴിവാക്കി പുതു തലമുറയെ മുന്നിലേക്ക് കൊണ്ടുവരുകയും ചെയ്തു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്, സതീഷ് പൂനിയ, മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തുടങ്ങിയവരാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയത്. ഇവരാണ് ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇതിന് അംഗീകാരവും നല്‍കുകയായിരുന്നു.