ബ്രാഹ്മണ വിമര്‍ശനം; ബീഹാര്‍ എന്‍ഡിഎയില്‍ പോര് മുറുകുന്നു

Update: 2021-12-22 05:01 GMT

പട്‌ന: ബ്രാഹ്മണ വിമര്‍ശനം സാധാരണ ബിജെപിയും എന്‍ഡിഎയും വച്ചുപൊറുപ്പിക്കാറില്ല. എന്നാല്‍ ബ്രാഹ്മണരെ വിമര്‍ശിച്ചയാളെ ഭീഷണിപ്പെടുത്തിയ നേതാവിനെതിരേ ബിജെപി തന്നെ രംഗത്തുവന്നത് രാഷ്ട്രീയ നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയിലെ പടലപിണക്കങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് സംശയം. ഒപ്പം ജാതിമല്‍സരത്തിന്റെ സൂചനയായും സംഭവം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. 

ബിജെപിയുടെ മധുബാനി ജില്ലയിലെ മേധാവി ശങ്കര്‍ ഝാ കഴിഞ്ഞ ദിവസം ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവും ഹിന്ദു മഹാസഭയുടെ അധ്യക്ഷനുമായ ഗജേന്ദ്ര ഝാക്ക് ഒരു കത്തെഴുതി. മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയെ വിമര്‍ശിച്ചതിന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നാണ് കത്തില്‍ പറയുന്നത്. നേരത്തെയും സമാനമായ ഒരു കത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു, ഭീഷണിയുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നായിരുന്നു ആ കത്തിലെ ആവശ്യം. ബ്രാഹ് മണരെയും ഹിന്ദുമതത്തെയും വിമര്‍ശിച്ച മാഞ്ചിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നു പറഞ്ഞാണ് ഗജേന്ദ്ര ഝാ ഭീഷണിപ്പെടുത്തിയത്. 

ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. മുന്‍ മന്ത്രി മാഞ്ചി ദലിതരുടെ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ബ്രാഹ്മണരെ വിമര്‍ശിച്ചു. മഹാദലിത് ജനതയുടെ വീടുകളില്‍ വരുന്ന ബ്രാഹ്്മണ പുരോഹിതര്‍ പണം ആവശ്യപ്പെടുമെങ്കിലും അവര്‍ അവിടെനിന്ന് ഭക്ഷണം കഴിക്കില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഹിന്ദുമതം ഏറ്റവും മോശം മതമാണെന്നും അതുകൊണ്ടാണ് അംബേദ്കര്‍ ഹിന്ദുമതം വിട്ട് ബുദ്ധമതത്തില്‍ ചേക്കേറിയതെന്നും അദ്ദേഹം പറഞ്ഞു.

ബ്രാഹ്മണര്‍ക്കെതിരേയുള്ള വിമര്‍ശനം ബിജെപിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. ബീഹാറിലെ പട്ടികജാതി വിഭാഗത്തിലെ മാഞ്ചി സമുദായത്തില്‍ പെട്ടയാളാണ് 2014-15 കാലത്ത് മുഖ്യമന്ത്രിയായിരുന്ന ജിതിന്‍ റാം മാഞ്ചി. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം ജെഡിയു വഴിയാണ് സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നതും ഒടുവില്‍ എന്‍ഡിഎയുടെ ഭാഗമാകുന്നതും. 

ബിജെപി നേതാവായ ഗജേന്ദ്ര ഝായാണ് മാഞ്ചിക്കെതിരേ ഏറ്റവും വലിയ വിമര്‍ശനമഴിച്ചുവിട്ടത്. ഏതെങ്കിലും ബ്രാഹ്മണയുവാവ് മാഞ്ചിയുടെ നാവറുത്താല്‍ താന്‍ അവര്‍ക്ക് 11 ലക്ഷം രൂപയും ജീവിതകാലം മുഴുവന്‍ കഴിയാനുള്ള പണവും നല്‍കുമെന്ന് ഝാ പ്രസംഗിച്ചു.

''ഞങ്ങള്‍ ആദ്യം കരുതിയത് അയാള്‍ക്ക് തലക്ക് സുഖമില്ലെന്നാണ്. അദ്ദേഹത്തിന് സ്വബോധം നഷ്ടപ്പെട്ടു. ബ്രാഹ്മണര്‍ക്കെതിരേ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയാണ്. അത് അസഹ്യമാണ്- ഗജേന്ദ്ര ഝാ കുറ്റപ്പെടുത്തി. അദ്ദേഹത്തിന് അന്തസ്സില്ലെന്നും ഹിന്ദുമതവിശ്വാസിയല്ലെന്നും ഹിന്ദു മതത്തെ രക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും പറഞ്ഞ ഝാ അതിനുവേണ്ടി മരിക്കാന്‍ താന്‍ തയ്യാറാണെന്നും പറഞ്ഞു.

ബീഹാര്‍ സര്‍ക്കാര്‍ മാഞ്ചിയെ ഹിന്ദുമത ഹ്രസ്വകാല പഠന കോഴ്‌സില്‍ ചേര്‍ക്കണമെന്് ബിജെപി രാജ്യസഭാ എംപി വിവേക് താകൂര്‍ വിമര്‍ശിച്ചു.

വിമര്‍ശനം രൂക്ഷമായതോടെ മാഞ്ചി പ്രസ്താവന പിന്‍വലിച്ചു. 

അതേസമയം, മാഞ്ചിക്കെതിരേയുളള ഗജേന്ദ്ര ഝായുടെ ഭീഷണി പുതിയ പ്രതിസന്ധിക്ക് കാരണമായി. മാപ്പ് പറഞ്ഞയാള്‍ക്കെതിരേ ഭീഷണി മുഴക്കിയതിന്റെ പേരില്‍ ഗജേന്ദ്ര ഝാക്കെതിരേയും നിരവധി പേര്‍ രംഗത്തുവന്നു. മാഞ്ചിയുടെ സംഘടനയായ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെ നേതാവ് ദാനിഷ് റിസ്വാന്‍ ഗജേന്ദ്ര ഝായെ വിമര്‍ശിച്ചു. തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇത് പക്ഷേ അതോടെ തീരില്ലെന്നാണ് കരുതുന്നത്. പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ പടലപിണക്കമാണ് നടപടിക്ക് കാരണമെന്ന് കരുതുന്നു. 

Tags:    

Similar News