ലണ്ടന്‍: ദുബൈ ഭരണാധികാരിയുടെ പെണ്‍മക്കളില്‍ ഒരാളായ ഷെയ്ഖ ലത്തീഫ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിന് തെളിവ് കാണാന്‍ ആഗ്രഹിക്കുന്നതായി ബ്രിട്ടന്‍. തടവിലാക്കപ്പെട്ട ഷെയ്ഖ ലത്തീഫയുടെ ദൃശ്യങ്ങള്‍ ബിബിസി പുറത്തുവിട്ടതിനു ശേഷമാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡൊമിനിക് റാബ് ഇതു സംബന്ധിച്ച് അഭിപ്രായപ്പെട്ടത്. 'ഇത് വളരെയധികം വിഷമകരമാണ്, കടുത്ത ദുരിതത്തിലായ ഒരു യുവതിയെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും,' ഡൊമിനിക് റാബ് പറഞ്ഞു.
ബിബിസിയുടെ പനോരമ കറന്റ് അഫയേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് വീഡിയോ തയ്യാറാക്കിയത്. ഇതില്‍ 35 കാരിയായ ലത്തീഫ ബന്ദിയാണെന്നും ഈ വില്ലയെ ജയിലാക്കി മാറ്റി എന്നും പറയുന്നുണ്ട്. വില്ലയുടെ കുളിമുറിയില്‍ വച്ചാണ് ദുബൈ രാജകുമാരി വീഡിയോ സന്ദേശം എടുത്തത്. തടവിലാക്കപ്പെട്ട മുറിയില്‍ നിന്നും കുളിമുറിയിലേക്ക് മാത്രമാണ് അവര്‍ക്ക് പ്രവേശനമുള്ളത്. 'പുറത്തേക്ക് കാഴ്ച്ചയെത്തുന്ന എല്ലാ ജാലകങ്ങളും അടച്ചിട്ടിരിക്കുന്നു, ഒരു ജാലകവും തുറക്കാന്‍ കഴിയില്ല.' അവര്‍ പറഞ്ഞു.ബിബിസി പുറത്തുവിട്ട ഫൂട്ടേജുകളെക്കുറിച്ച് ബ്രിട്ടന് ആശങ്കയുണ്ടെന്നും ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും റാബ് പറഞ്ഞു. വീഡിയോയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദുബായ് സര്‍ക്കാറിന്റെ മീഡിയാ ഓഫിസ് പ്രതികരിച്ചിട്ടിട്ടില്ല.