ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കുറയുന്നു; മുന്നറിയിപ്പു നല്‍കി ആരോഗ്യവിദഗ്ധര്‍

Update: 2022-02-05 04:57 GMT

ന്യൂഡല്‍ഹി; 2022-23 വര്‍ഷത്തേക്കുവേണ്ടി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ആരോഗ്യമേഖലയെ വേണ്ടവിധം പരിഗണിച്ചില്ലെന്ന് വ്യാപകമായ പരാതി. ഡോക്ടര്‍മാരുടെ സംഘടനകളും പൊതുജനാരോഗ്യവിദഗ്ധരും ഒന്നടങ്കം കേന്ദ്ര നിലപാടിനെതിരേ രംഗത്തുവന്നിരിക്കുകയാണ്.

അടുത്ത സാമ്പത്തിക വര്‍ഷത്തെ ഉപയോഗത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലൂടെ നീക്കിവച്ചിരിക്കുന്നത് കേവലം 83,000 കോടി രൂപയാണ്. ഇത് പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദം ഗുരുതരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമെന്ന നിലയില്‍ അപര്യാപ്തമാണെന്നും ബജറ്റ് വിഹിതം വര്‍ധിപ്പിക്കണമെന്നുമാണ് പ്രോഗ്രസീവ് മെഡിക്കോസ് ആന്റ് സയന്റിസ്റ്റ് ഫോറം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

'സാമൂഹ്യസുരക്ഷ, കൊവിഡ് മഹാമാരിയുണ്ടാക്കിയ ആരോഗ്യരംഗത്തെ സമ്മര്‍ദ്ദം ഇതൊക്കെ കണക്കിലെടുക്കണം. ഇപ്പോള്‍ നീക്കിവച്ച തുക ഒട്ടും ആശാസ്യമല്ലെ'ന്നാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഡോ. സിദ്ധാര്‍ത്ഥ താര പറയുന്നത്.

കഴിഞ്ഞ വര്‍ഷമായ 2020-21 കാലത്ത് 50,591.14 കോടിയാണ് കേന്ദ്രാവിഷ്‌കൃത പദ്ധതിക്കായി നീക്കിവച്ചിരുന്നത്. പക്ഷേ, മഹാമാരിയുടെ ദുരിതകാലമായിട്ടും ചെലവാക്കിയത് 39,569.16 കോടിയാണ്. അതില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാമിനുള്ള തുകയും ഉള്‍പ്പെടുന്നു.

ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് 6,412 കോടി നീക്കിവച്ചപ്പോള്‍ ചെലവഴിച്ചത് 3,199 കോടി രൂപയാണ്. കൊവിഡ് ചികില്‍സക്കായി ജനങ്ങള്‍ അവരുടെ പോക്കറ്റുകളെ മാത്രം ആശ്രയിക്കേണ്ടിവന്ന അവസ്ഥയാണ് ഉണ്ടായത്. എന്തുകൊണ്ടാണ് നീക്കിവയ്ക്കുന്ന പണം പോലും വേണ്ട വിധം ചെലവാക്കാത്തതെന്നതും ധനമന്ത്രി വിശദീകരിക്കേണ്ടിയിരുന്നുവെന്ന് സംഘടന കുറ്റപ്പെടുത്തുന്നു.

ആരോഗ്യരംഗം സൂര്യനുകീഴിലുള്ള മിക്കവയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടെങ്കിലും ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കുംപോലും ഈ തിരിച്ചറിവില്ലെന്നാണ് വിദഗധര്‍ പറയുന്നത്. 2022-23 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ 'ആരോഗ്യത്തിനും ആരോഗ്യ പരിരക്ഷയ്ക്കും' ലഭിച്ച ബജറ്റ് വിഹിതം പരിശോധിക്കുമ്പോള്‍ അവബോധത്തിന്റെ കുറവ് ശ്രദ്ധേയമാണ്.

മഹാമാരിയിലൂടെ കടന്നുപോകുകയാണെങ്കിലും രാജ്യത്തെ ധനികരില്‍ 20 ശതമാനം പേര്‍ അവരുടെ വരുമാനം വര്‍ധിപ്പിച്ചു. എന്നാല്‍ താഴെക്കിടയിലുള്ള 60 ശതമാനം പേര്‍ക്ക് അവരുടെ സമ്പത്തിന്റെ 50 ശതമാനവും നഷ്ടപ്പെട്ടു. ചെറുകിട, ഇടത്തരം വ്യവസായ മേഖലകള്‍ തകരുകയോ തകര്‍ച്ചയിലേക്ക് വലിച്ചെറിയപ്പെടുകയോ ചെയ്തു. അസംഘടിത മേഖല തകര്‍ന്നു. ഇത് തുടച്ചുനീക്കപ്പെട്ടതിനു സമാനമായ അവസ്ഥയിലാണ്. അത് വന്‍കിടക്കാര്‍ പിടിച്ചെടുത്തു. അതിന്റെ പ്രതിസന്ധി തൊഴില്‍മേഖലയിലും പ്രതിഫലിച്ചു. തൊഴില്‍ രംഗം ചുരുങ്ങുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തു.

ഈ മാറ്റങ്ങള്‍ വലിയൊരു ജനവിഭാഗത്തെ പാപ്പരാക്കി. ആരോഗ്യരംഗത്തും ഭക്ഷ്യരംഗത്തും അതിന്റെ ലക്ഷണങ്ങള്‍ ദൃശ്യമാണ്. ആരോഗ്യച്ചെലവുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വര്‍ധിച്ചുവരികയാണ്. സാമൂഹിക സുരക്ഷാ സംവിധാനം തകര്‍ന്നതും ജനങ്ങളുടെ ആരോഗ്യച്ചെലവുകള്‍ വര്‍ധിക്കാന്‍ കാരണമായി. ഈ സാഹചര്യത്തിലും ആരോഗ്യമേഖലയ്ക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുച്ചിരിക്കുന്നുവെന്നതാണ് വസ്തുത.

2014-15 കാലത്ത് ആരോഗ്യമടക്കമുള്ള സാമൂഹിക സേവനങ്ങള്‍ക്ക് ബജറ്റില്‍ ജിഡിപിയുടെ 6.2 ശതമാനമാണ് നീക്കിവച്ചിരുന്നത്. 2020-21 കാലത്ത് അത് 8.6 ശതമാനം മാത്രമാണ് വര്‍ധിച്ചത്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ അത് വളരെ ചെറിയൊരു തുകയാണ്. ഒഇസിഡി രാജ്യങ്ങളില്‍ ജിഡിപിയുടെ 21 ശതമാനമാണ് സാമൂഹിക സുരക്ഷയ്ക്കുവേണ്ടി നീക്കിവയ്ക്കുന്നത്. മഹാമാരി കാലം ഈ നീക്കിവയ്പ്പുപോലും അപര്യാപ്തമാക്കുമ്പോഴാണ് വിഹിതം വീണ്ടും കുറയുന്നത്.

2020-21 കാലത്ത് പൊതുഭക്ഷ്യവിതരണത്തിനുവേണ്ടി 2,53,974.3 കോടി നീക്കിവച്ചെങ്കിലും ചെലവാക്കിയത് 5,55,431.7 കോടി രൂപയാണ്. വസ്തുത ഇതായിരിക്കെയാണ് ഈ വര്‍ഷം 2,15,959.58 കോടി നീക്കിവച്ചത്. ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യയുടെ റാങ്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഇതേ പ്രവണത ഗ്രാമീണ വികനത്തിനുള്ള വിഹിതത്തിലും കാണാം. കഴിഞ്ഞ ബജറ്റില്‍ 1,31,519.08 കോടി നീക്കിവച്ചപ്പോള്‍ ചെലവായത് 1,96,416.71 കോടിയാണ്. വസ്തുത ഇതായിരിക്കെ ഇപ്പോള്‍ നീക്കിവച്ചിരിക്കുന്നത് 1.35.944.29 കോടി രൂപ മാത്രമാണ്. ദാരിദ്ര്യവും മറ്റ് ദുരിതവും ഗ്രാമീണമേഖലയിലാണ് ഏറ്റവും കൂടുതലെന്ന സാഹചര്യത്തില്‍ ഈ ബജറ്റ് വിഹിതം അതീവ ഗുരുതരമായ സ്ഥിതിയാണ് ഉണ്ടാക്കുന്നത്.

ജനവിതരണത്തിനും സാനിറ്റേഷനും വേണ്ടി നീക്കിവച്ച തുയായ 60,030.45 കോടിയില്‍ ആകെ 27 ശതമാനം മാത്രമാണ് കഴിഞ്ഞ വര്‍ഷം ചെലവാക്കിയത്. ഈ വര്‍ഷം 67,221.12 കോടിയാണ് ഈ മേഖലക്ക് നീക്കിവച്ചിരിക്കുന്നത്.

വനിതാ ശിശുക്ഷേമ മേഖലയിലും ഇതേ പ്രശ്‌നങ്ങളുണ്ട്. നീക്കിവച്ചതില്‍ തന്നെ 78 ശതമാനം മാത്രമാണ് ഈ മേഖലക്ക് ലഭിക്കുന്നത്. 24,435 കോടിയില്‍ 19,231 കോടി മാത്രം. ഈ വര്‍ഷം ഒരു ടോക്കന്‍ വര്‍ധനമാത്രമാണ് ഉണ്ടാക്കിയിരിക്കുന്നത്, 3 ശതമാനം.

ഗ്രാമീണ മേഖലയിലെ വിഹിതവും പൊതുവിതരണ, സാമൂഹിക സുരക്ഷാമേഖലയ്ക്കുള്ള വിഹിതവും കുറയുന്നത് ആരോഗ്യരംഗത്തെയാണ് ആദ്യം ബാധിക്കുക. ശുദ്ധജലത്തിന്റെ അഭാവം രാജ്യത്തെ പകര്‍ച്ചവ്യാധികളുടെ മുഖ്യകാരണമാണ്. അതും ആരോഗ്യരംഗത്തെ നേരിട്ട് ബാധിക്കും. പോഷഹാരക്കുറവും ആരോഗ്യമേഖലയെ ബാധിക്കും. ഇതൊക്കെ എങ്ങനെയാണ് പൗരന്മാരെ ബാധിക്കുന്നതെന്നറിയുന്നതിനുള്ള ശ്രമങ്ങള്‍ പോലും രാജ്യത്ത് നടക്കുന്നില്ല.

വസ്തുത ഇതായിരിക്കേയാണ് രാജ്യം ആരോഗ്യരംഗത്തെ വിഹിതം വെട്ടിക്കുറയ്ക്കുന്നത്.

Tags:    

Similar News