ഉപതിരഞ്ഞെടുപ്പിലെ തോല്‍വി; രണ്ട് ബിജെപി മുഖ്യമന്ത്രിമാരുടെ പണി തെറിച്ചേക്കും

Update: 2021-11-03 03:55 GMT

ന്യൂഡല്‍ഹി: നവംബര്‍ രണ്ടാം തിയ്യതി പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലം രണ്ട് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരുടെ ഉറക്കം കളയും. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ തുടങ്ങിയവരുടെ പണി തെറിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ സൂചന നല്‍കി. ഉപതിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ ബിജെപി ഏറെ പിന്നില്‍ പോയതാണ് ബിജെപി നേതൃത്വത്തെ വിളറിപിടിപ്പിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ ഇതേ കാരണം കൊണ്ട് ബിജെപി നാല് സംസ്ഥാന മുഖ്യമന്ത്രിമാരുടെ സ്ഥാനം തെറിപ്പിച്ചിരുന്നു. ഗുജറാത്തിലെ വിജയ് രുപാണി, കര്‍ണാടകയിലെ യദ്യൂരപ്പ, ഉത്തരാഖണ്ഡിലെ ത്രിവേന്ദ്ര സിങ് റാവത്ത്, തിരത് സിങ് റാവത്ത് എന്നിവര്‍ക്കാണ് മോശം 'പ്രകടന'ത്തിന്റെ ഭാഗമായി പുറത്തുപോകേണ്ടിവന്നത്.

ഹിമാചലിലെ തോല്‍വിയാണ് ബിജെപിക്ക് ഏറ്റവും വലിയ അടിയായിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് മൂന്ന് നിയമസഭാ മണ്ഡലങ്ങളും ഒരു ലോക്‌സഭാ മണ്ഡലവും സ്വന്തം പെട്ടിയിലാക്കി.

ഹിമാചല്‍ മുഖ്യമന്ത്രി തന്റെ പരാജയം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നില്ല, തോല്‍വിയില്‍ നിന്ന് പഠിക്കുമെന്ന് പറഞ്ഞ് കൂടുതല്‍ വിമര്‍ശനം ഒഴിവാക്കി.

മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്ങിനെ നിര്‍ത്തി കോണ്‍ഗ്രസ് സഹതാപതരംഗം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറയുന്നു.

ഉപതിരഞ്ഞെടുപ്പ് ഫലം കൊണ്ട് ആരും നിരാശപ്പെടേണ്ടെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തീവ്രഗതിയില്‍ തുടരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു എന്നതുകൊണ്ട് ബിജെപി നടപടിയെടുക്കാതിരിക്കാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. ഗുജറാത്തില്‍ സമാനമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാത്രമല്ല, മൊത്തം മന്ത്രിമാരെയും പുറത്താക്കിയാണ് പ്രശ്‌നത്തിന് പരിഹാരം തേടിയത്.

ബൊമ്മൈയെ സംബന്ധിച്ചിടത്തോളം ഉപതിരഞ്ഞെടുപ്പ് വലിയൊരു അഗ്നിപരീക്ഷയായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു നടന്നത്. സിന്ദ്ഗി സീറ്റില്‍ ബിജെപി ജനതാദള്‍ സെക്കുലറിനെ തോല്‍പ്പിച്ചെങ്കിലും മുഖ്യമന്ത്രിയുടെ സ്വന്തം പ്രദേശമായ ഹംഗലില്‍ തിരിച്ചടി നേരിട്ടു. ഇത് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പരാജയമായാണ് കരുതുന്നത്. ചുരുക്കത്തില്‍ പരാജയം അദ്ദേഹത്തിന്റെ സീറ്റ് ഒരു ഹോട്ട് സീറ്റാക്കി മാറ്റി. 

Tags:    

Similar News