ഹരിദ്വാറിലെ മുസ് ലീം വംശഹത്യാ ആഹ്വാനം; സ്വമേധയാ കേസെടുക്കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് 76 മുതിര്‍ന്ന അഭിഭാഷകരുടെ കത്ത്

Update: 2021-12-27 01:23 GMT

ന്യൂഡല്‍ഹി: ഹരിദ്വാറിലെ വംശഹത്യാ ആഹ്വാനത്തിനെതിരേ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിലെ 76 മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തയച്ചു. ഹരിദ്വാറിലുണ്ടായ വംശഹത്യാ ആഹ്വാനത്തിന് സമാനമായ ഒന്ന് ഡല്‍ഹിയിലും ഉണ്ടായി. അതിനെതിരേയാണ് അഭിഭാഷകര്‍ കത്തെഴുതിയത്. വംശഹത്യാ ആഹ്വാനം മുഴക്കിയ നേതാക്കളുടെ പേരുവിവരങ്ങളും കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്രയേറെ ഗുരുതരമായ കാര്യമുണ്ടായിട്ടും പോലിസ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ അടിയന്തരമായ ജുഡീഷ്യല്‍ ഇടപെടല്‍ വേണമെന്നും അല്ലാത്ത പക്ഷം രാജ്യത്ത് ഇതൊരു സ്ഥിരം പ്രവണതയായി മാറുമെന്നും അഭിഭാഷകര്‍ സൂചിപ്പിച്ചു.

മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷന്‍, വൃന്ദ ഗ്രോവര്‍, സല്‍മാന്‍ ഖുര്‍ഷിദ്, മുന്‍ പാട്‌ന ഹൈക്കോടതി ജഡ്ജി അന്‍ജന പ്രകാശ് തുടങ്ങിയവരാണ് ഒപ്പുവച്ചിട്ടുള്ളത്.

സാധാരണ മട്ടിലുള്ള ഒരു വിദ്വേഷപ്രസംഗങ്ങളല്ല അവിടെ നടന്നതെന്നും വംശഹത്യക്കുളള തുറന്ന ആഹ്വാനമാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

ഡിസംബര്‍ 17 നും 19നും ഇടയില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച 'ധര്‍മ്മ സന്‍സദി'ലാണ് മുസ്ലീങ്ങളെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനമുയര്‍ന്നത്. ഹിന്ദുത്വ സംഘടനകളുടെ വലിയ സമ്മേളനത്തില്‍, മുസ് ലിംകളെ കൂട്ടത്തോടെ കൊല്ലാന്‍ ഒന്നിലധികം പ്രഭാഷകര്‍ തുറന്ന ആഹ്വാനങ്ങള്‍ നടത്തി.

'നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മാത്രമല്ല, ദശലക്ഷക്കണക്കിന് മുസ് ലിം പൗരന്മാരുടെ ജീവനും ഇത് അപകടത്തിലാക്കുന്നു'- കത്തില്‍ സൂചിപ്പിക്കുന്നു.

മുസ് ലിം വംശഹത്യയ്ക്കുള്ള ആഹ്വാനത്തിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പരിപാടി കഴിഞ്ഞ് നാല് ദിവസത്തിനുശേഷമാണ് പോലിസ് ഒരു കേസ് ഫയല്‍ ചെയ്തത്. അതില്‍ ഒരാളുടെ പേര് മാത്രമേ ചേര്‍ത്തിരുന്നുള്ളൂ. പിന്നീട് രണ്ട്‌ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി. 

നിങ്ങള്‍ക്ക് അവരെ അവസാനിപ്പിക്കണമെങ്കില്‍ അവരെ കൊല്ലണം. 20 ലക്ഷം പേരെ കൊല്ലാന്‍ കഴിയുന്ന 100 സൈനികര്‍ നമുക്ക് വേണമെന്നാണ് സാധ്വി അന്നപൂര്‍ണ പ്രസംഗിച്ചത്.  വിദ്വേഷപ്രസംഗത്തില്‍ ഒരു തെറ്റുമില്ലെന്നാണ് പരിപാടിയുടെ സംഘാടകര്‍ പിന്നീട് പ്രതികരിച്ചത്. വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദു രക്ഷാസേനയുടെ പ്രബോധാനന്ദ് ഗിരിയപ്പോലുള്ളവരില്‍ പലരും ബിജെപി നേതാക്കള്‍ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒപ്പം ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നവരാണ്. 

'മ്യാന്‍മറിനെപ്പോലെ, നമ്മുടെ പോലിസും രാഷ്ട്രീയക്കാരും സൈന്യവും, ഓരോ ഹിന്ദുവും ആയുധമെടുത്ത് വംശീയ ഉന്മൂലനം നടത്തണം. മറ്റ് വഴികളൊന്നുമില്ല.'- പ്രബോധാനന്ദ് ഗിരി നടത്തയ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. 

 അഡ്വ. അമിതാ ജോസഫ്, അഡ്വ. ഷോമോന ഖന്ന, അഡ്വ. ഫുസൈല്‍ അഹമ്മദ് അയ്യൂബി, അഡ്വ. അമിത് ആനന്ദ് തിവാരി, അഡ്വ. ഷദാന്‍ ഫറസത്ത്, അഡ്വ. ജഗ്ദീപ് എസ്. ചോക്കര്‍, അഡ്വ. മുഹമ്മദ് നിസാമുദ്ദീന്‍ പാഷ, അഡ്വ. അനൂജ് പ്രകാശ്, അഡ്വ. ഷൂബ് ആലം, അഡ്വ. രാജേഷ് ത്യാഗി, അഡ്വ. പയോളി, അഡ്വ. കബീര്‍ ദീക്ഷിത്, അഡ്വ. അല്‍ദാനിഷ് റെയിന്‍, അഡ്വ. ചെറില്‍ ഡിസൂസ, അഡ്വ. ആന്‍ഡ്‌ലീബ് നഖ്വി, അഡ്വ. പ്രേരണ ചതുര്‍വേദി, അഡ്വ. നനിതാ ശര്‍മ്മ, അഡ്വ. പായല്‍ ഗെയ്ക്‌വാദ്, അഡ്വ. റിതേഷ് ധര്‍ ദുബെ, അഡ്വ. ഷഹാബ് അഹമ്മദ്, അഡ്വ. സൂര്യപ്രകാശ് തുടങ്ങിയവരാണ് ഒപ്പുവച്ച് മറ്റ് പ്രമുഖര്‍. 

Tags:    

Similar News