കാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് പരീക്ഷ എഴുതാന്‍ ഹൈക്കോടതിയുടെ അനുമതി

Update: 2022-08-22 15:37 GMT

 അലഹബാദ്: കാംപസ് ഫ്രണ്ട് നേതാവ് റഊഫ് ശെരീഫിന് ഇഗ്നൊ നടത്തുന്ന എംഎ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷ എഴുതാന്‍  അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് അനുമതി നല്‍കി.

കഴിഞ്ഞ 21 മാസമായി അദ്ദേഹം യുഎപിഎ കേസില്‍ ലഖ്‌നോ ജയിലില്‍ തടവുകാരനാണ്. ജയിലില്‍ തടവില്‍ കഴിയുന്നതിനിടയിലാണ്  എംഎക്ക് പഠിച്ചത്.

പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റഊഫ് പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ആഗസ്റ്റ് 24നാണ് പരീക്ഷ തുടങ്ങുന്നത്. ആഗസ്റ്റ് 5നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. റഊഫിന് പരീക്ഷയെഴുതുന്നതിനുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ജയില്‍മാന്വല്‍ പ്രകാരം പരീക്ഷയെഴുതാന്‍ അനുമതിയില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതായി റഊഫിന്റെ അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്നാണ് ലഖ്‌നോ ബെഞ്ചിനെ സമീപിച്ചത്. ലഖ്‌നോവിലെ മോഡല്‍ ജയിലില്‍ അതിനുള്ള സൗകര്യമൊരുക്കാനും നിര്‍ദേശിച്ചു.

2020 ഡിസംബര്‍ 12ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കള്ളപ്പണ ഇടപാട് എന്നപേരില്‍ കെട്ടുകഥ ഉണ്ടാക്കിയാണ്  റഊഫിനെ ഇഡി കസ്റ്റഡിയില്‍ എടുത്തത്. 2 കോടി 31 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നു എന്നതാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇഡി വിശദീകരിച്ചത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റും മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജീവനക്കാരനും ഇന്റര്‍നാഷണല്‍ ട്രേഡിങ് രംഗത്തും പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് റഊഫ് ഷെരീഫ്. ഈ കേസില്‍ കോടതി ജാമ്യം നല്‍കി.

അതിനിടയില്‍ ഹാഥ്രസ് കേസ് റിപോര്‍ട്ട് ചെയ്യാനുള്ള യാത്രക്കിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദിഖ് കാപ്പന്, റഊഫ് പണം നല്‍കിയെന്ന മറ്റൊരു കേസും ഇദ്ദേഹത്തിനെതിരേ ചുമത്തി.

Tags:    

Similar News