കനേഡിയന്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചു
ഒട്ടാവ: കനേഡിയന്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് രാജി.ജനുവരി 20ന് ട്രംപ് അധികാരം ഏറ്റെടുക്കുന്നതിന് മുമ്പായി നികുതി നയങ്ങയളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ട്രൂഡോയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ക്രിസ്റ്റിയ രാജി വെച്ചതെന്നാണ് വിവരം. ഈ വര്‍ഷത്തെ പാര്‍ലമെന്റില്‍ വാര്‍ഷിക ധനകാര്യ അപ്‌ഡേറ്റ് അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അവരുടെ രാജി.
തിങ്കളാഴ്ച ട്രൂഡോയ്ക്ക് അയച്ച കത്ത് വഴിയാണ് അവര്‍ തന്‌റെ രാജി അവര്‍ അറിയിച്ചത്.മുന്‍ പത്രപ്രവര്‍ത്തകയായ ഫ്രീലാന്‍ഡ്, 2020 ഓഗസ്റ്റില്‍ ധനകാര്യ വകുപ്പ് ഏറ്റെടുക്കുന്നതിന് മുമ്പ് വാണിജ്യ മന്ത്രിയായും തുടര്‍ന്ന് വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍, കോവിഡ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ അവര്‍ അവലംബിച്ചിരുന്നു.
താന്‍ സര്‍ക്കാരിന്റെ ഉന്നത സാമ്പത്തിക ഉപദേഷ്ടാവിന്റെ ചുമതലയില്‍ തുടരുന്നതില്‍ ട്രൂഡോയ്ക്ക് താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്നും ക്രിസ്റ്റിയ കത്തില്‍ പരാമര്‍ശിച്ചതായാണ് വിവരം.ഫ്രീലാന്‍ഡിന്റെ രാജി പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍, പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് അവര്‍ക്ക് പകരക്കാരനായി സത്യപ്രതിജ്ഞ ചെയ്തു. കുട്ടിക്കാലം മുതല്‍ ട്രൂഡോയുടെ അടുത്ത സുഹൃത്തായിരുന്ന ലെബ്ലാങ്ക് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ ഒരാളായി കണക്കാക്കപ്പെടുന്നത്. ട്രൂഡോയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം ക്രിസ്റ്റിയയുടെ രാജിയോടെ ട്രൂഡോയ്ക്കെതിരെ ഭരണപക്ഷത്തു നിന്നടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്.