ഗാന്ധിവധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സവര്‍ക്കറുടെ ജയന്തി ആഘോഷിച്ച് കനറാ ബാങ്ക്

Update: 2022-02-27 13:31 GMT

കോഴിക്കോട്; ഗാന്ധി വധത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളും ഹിന്ദുത്വരാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും തുടക്കക്കാരിലൊരാളുമായ വി ഡി സവര്‍ക്കറുടെ ജയന്തി ആഘോഷിച്ച് കനറാ ബാങ്ക്. രാജ്യത്തെ പ്രമുഖ വിപ്ലവകാരികളും ഇന്ത്യന്‍ ദേശീയതുടെ ദീപസ്തംഭങ്ങളുമായ നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് തുടങ്ങിയ ഫേസ് ബുക്ക് പോസ്റ്റിലാണ് കനറാ ബാങ്ക് സവര്‍ക്കറുടെ ചിത്രമുപയോഗിച്ച് പരസ്യം ചെയ്തിരിക്കുന്നത്. 

മഹാത്മാഗാന്ധി വധക്കേസില്‍ സവര്‍ക്കറെ ഗൂഢാലോചനക്കുറ്റം ചുമത്തില്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. ഇതേ കേസില്‍ പ്രതികളായ നാഥുറാം ഗോഡ്‌സെയേയും നാരായണ്‍ ആപ്‌തെയും 1949 നവംബര്‍ 15ന് അംബാല ജയിലില്‍ തൂക്കിക്കൊന്നു. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധേയരായത് ഇവരാണ്. 


സവര്‍ക്കര്‍ ഗാന്ധി വധക്കേസില്‍ ഗോഡ്‌സെയ്ക്കും മറ്റ് കൂട്ടുപ്രതികള്‍ക്കുമൊപ്പം കോടതിയില്‍(പിന്‍ നിരയില്‍ വലത്തുനിന്ന് ഇടത്തോട്ട് രണ്ടാമത്) 

 സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ചതിനെതിരേ സാമൂഹികമാധ്യമങ്ങളിലും കനറാബാങ്കിന്റെ ലൈക്ക് പേജിലും പ്രതിഷേധം ഇരമ്പുകയാണ്.

കനറാ ബാങ്ക് ഷൂ നക്കാനുള്ള പുറപ്പാടിലാണെന്നാണ് ബഷീര്‍ മെഡിയേരിയെന്ന അക്കൗണ്ട് എഴുതിയത്. മറ്റുള്ളവരുടെ പേരുകള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രം ഉപയോഗിക്കുന്നതിന്റെ യുക്തിയെന്താണെന്ന് മറ്റൊരാള്‍ ചോദിച്ചു. നിരവധി പേര്‍ ഷൂവിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

ജയില്‍ മോചിതനാവാന്‍ വേണ്ടി സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്ത ചരിത്രമാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്.

ആന്തമാനില്‍ വച്ച് അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ കൊലപ്പെടുത്തുകയായിരുന്നെങ്കില്‍ അദ്ദേഹത്തെ നായകനെന്ന് വിളിക്കാമായിരുന്നെന്നും പകരം അദ്ദേഹം 83ാം വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും നൗഷാദ് എന്ന ഐഡി അഭിപ്രായപ്പെടുന്നു. കൂട്ടത്തില്‍ അദ്ദേഹം എഴുതിയ മൂന്ന് പേജ് മാപ്പപേക്ഷയെക്കുറിച്ചും സൂചനയുണ്ട്.

ദക്ഷിണ കന്നഡയില്‍ 1906ലാണ് കനറാ ബാങ്കിന് തുടക്കം കുറിച്ചത്. ഗൗഡസാരസ്വ ബ്രാഹ്മണനായ അമ്മേമ്പല്‍ സുബ്ബ റാവു പൈയാണ് ബാങ്ക് സ്ഥാപിച്ചത്. കനറ ഹിന്ദു പെര്‍മെനന്റ് ഫണ്ട് എന്നായിരുന്നു ആദ്യ പേര്. അതാണ് പിന്നീട് 1910ല്‍ കനറാ ബാങ്കായി മാറിയത്.

Full View

Tags:    

Similar News