അംബാനിയുടെ വസതിക്കു മുമ്പിലെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറ്: അന്വേഷണം എന്‍ഐഎയ്ക്ക്; കാര്‍ ഉടമയുടെ മരണം മഹാരാഷ്ട്ര എടിഎസ്സിനു തന്നെ

Update: 2021-03-08 10:39 GMT

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ സ്‌ഫോടകവസ്തു നിറച്ച് ഉപേക്ഷിച്ച കാറിനെക്കുറിച്ചുള്ള അന്വേഷണം എന്‍ഐഎയ്ക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

''റിലയന്‍സ് ഉടമ മുഖേഷ് അംബാനിയടെ വസതിക്കുസമീപം സ്‌ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗംദേവി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ 35/2020 കേസ് അന്വേഷിക്കന്‍ ആഭ്യന്തര മന്ത്രാലയം എന്‍ഐഎയോട് ഉത്തരവിട്ടിട്ടുണ്ട്. മുംബൈയിലെ കാര്‍മിച്ചെല്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മഹീന്ദ്ര സ്‌കോര്‍പ്പിയൊയില്‍ നിന്നാണ് സ്‌ഫോടനവസ്തുക്കള്‍ കണ്ടെത്തിയത്. ഈ കേസ് എന്‍ഐഎ വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും''-ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസയമം വാഹനത്തിന്റെ ഉടമ മന്‍സുഖ് ഹിരണ്‍ ആത്മഹത്യ ചെയ്ത കേസ് തങ്ങള്‍ക്കുതന്നെയായിരിക്കുമെന്ന് മഹാരാഷ്ട്ര ആന്റി ടെററിസം സ്‌കാഡ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ കേസാണ് എന്‍ഐഎയ്ക്ക് നല്‍കിയിട്ടുള്ളത്.

കേസ് എന്‍ഐഎ അന്വേഷണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തുവന്നിരുന്നു.

ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷം മുകേഷ് അംബാനിയുടെ 27 നിലകളുള്ള ആന്റിലിയയില്‍ നിന്ന് 1.4 കിലോമീറ്റര്‍ അകലെ നിന്നാണ് കറുത്ത എസ്‌യുവി വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തിയപ്പോഴാണ് 20 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.

മംബ്രയിലെ റെട്ടിബുന്‍ഡൂരിലെ ഒരു ഓവുചാലിനരികെ അജ്ഞാതനായ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന് കഴിഞ്ഞ ആഴ്ച മഹാരാഷ്ട്ര പോലിസ് അറിയിച്ചിരുന്നു. മരിച്ചത് കാറിന്റെ ഉടമ മന്‍സുഖ് ഹിരണ്‍ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. താനെ സ്വദേശിയായ ഹിരണ്‍ന്റെ കാറാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്‍ഡിലയ്ക്ക് മുന്നില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹിരണ്‍ന്റെ മരണം ആത്മഹത്യയാണെന്നാണ് കരുതുന്നത്. കാറില്‍ നിന്ന് മുകേഷ് അംബാനിയെയും ഭാര്യയെയും വധിക്കുമെന്ന് മോശം ഇംഗ്ലീഷില്‍ എഴുതിയ ഒരു ഭീഷണിക്കത്തും പോലിസ് കണ്ടെടുത്തു. വീടിനരികെ കാറ് നിര്‍ത്തിയിടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കാറുമായി എത്തിയ ആള്‍ മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അംബാനിയുടെ വീടിനരികെ സുരക്ഷാസൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഉടമയുടെ കയ്യില്‍ നിന്ന് മോഷ്ടിക്കപ്പെട്ട കാറില്‍ മറ്റാരോ സ്‌ഫോടകവസ്ത്തുകള്‍ നിറച്ച് ഉപേക്ഷിച്ചതാണെന്നാണ് ലഭ്യമായ വിവരം.

Tags:    

Similar News