ഇന്ത്യയിലെ അനധികൃത താമസം; രണ്ട് റോഹിന്‍ഗ്യന്‍ യുവാക്കളെ യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു
ജൂണ്‍ 7ന് വൈകീട്ട് ആറോടെ യുപി എടിഎസ് ഗാസിയാബാദില്‍ നിന്ന് നൂര്‍ ആലം എന്ന റാഫിക്ക്, ആമിര്‍ ഹുസൈന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി എടിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നുവെന്ന് ആരോപിച്ച് ഗാസിയാബാദ് ജില്ലയില്‍ നിന്നുള്ള രണ്ട് റോഹിന്‍ഗ്യന്‍ യുവാക്കളെ ഉത്തര്‍ പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ജൂണ്‍ 7ന് വൈകീട്ട് ആറോടെ യുപി എടിഎസ് ഗാസിയാബാദില്‍ നിന്ന് നൂര്‍ ആലം എന്ന റാഫിക്ക്, ആമിര്‍ ഹുസൈന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി എടിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഹുസൈനെ ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കൊണ്ടുവന്നതിലെ ആസൂത്രകനാണ് തിങ്കളാഴ്ച അറസ്റ്റിലായ ആലമെന്നാണ് എടിഎസ് വാദം.
ഹുസൈനില്‍ നിന്ന് യുഎന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ (യുഎന്‍എച്ച്‌സിആര്‍) കാര്‍ഡും 4,800 രൂപയും ആലമില്‍നിന്ന് യുഎന്‍എച്ച്‌സിആര്‍ കാര്‍ഡും 65,680 രൂപയും മൊബൈല്‍ ഫോണും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും കണ്ടെടുത്തതായി പോലിസ് അവകാശപ്പെട്ടു.
ഇന്ത്യയില്‍ അനധികൃതമായി താമസിച്ചെന്ന് ആരോപിച്ച് നിരവധി റോഹിന്‍ഗ്യകളാണ് ഇപ്പോള്‍ രാജ്യത്ത് തടവില്‍ കഴിയുന്നത്. ഇത് ഒരു പതിവായി മാറിയിരിക്കുകയാണെന്നും മൂന്നുമാസം മുമ്പ് ജമ്മുവിലെ അധികൃതര്‍ സമാനമായ അവകാശവാദം ഉന്നയിച്ചത് 150 ഓളം റോഹിംഗ്യന്‍ അഭയാര്‍ഥികളെ ഒരു ക്യാമ്പില്‍ തടഞ്ഞുവെച്ചതായും റോഹിന്‍ഗ്യന്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സന്നദ്ധ പ്രവര്‍ത്തകന്‍ പറഞ്ഞു.
അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രവി നായര്‍ പറഞ്ഞു. ആലാമും ഹുസൈനും മ്യാന്‍മറിലെ റാഖൈന്‍ സ്‌റ്റേറ്റിലെ താമസക്കാരാണെന്ന് എടിഎസ് പറയുന്നു. ഇന്ത്യയില്‍ മീററ്റിലായിരുന്നു ആലം താമസിച്ചിരുന്നത്, ഹുസൈന്‍ ഡല്‍ഹിയിലെ ഖജുരി ഖാസിലുള്ള ശ്രീരാം കോളനിയിലും.