വര്‍ഗീയ വിദ്വേഷ പ്രചാരണം; ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനും അവതാരകനുമെതിരേ കേസെടുത്തു
ബെംഗളൂരു: വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനും അവതാരകന്‍ അജിത് ഹനുമക്കനവര്‍ക്കുമെതിരെ കേസെടുത്തു. മേയ് ഒമ്പതിന് അജിത് ഹനുമക്കനവര്‍ നിയന്ത്രിച്ച ചര്‍ച്ചയില്‍ അവതാരകന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാരോപിച്ച് തന്‍വീര്‍ അഹമ്മദ് എന്നയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മെയ് ഒമ്പതിന് രാത്രി 8.30ക്ക് ഹനുമക്കനവര്‍ നിയന്ത്രിച്ച ചാനല്‍ ചര്‍ച്ചയില്‍ 1950നും 2015നും ഇടയില്‍ ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യ 7.8% കുറഞ്ഞുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തിറക്കിയ ജനസംഖ്യ റിപ്പോര്‍ട്ടാണ് പരിപാടി ചര്‍ച്ച ചെയ്തത്. ഹിന്ദു ജനസംഖ്യയെ കാണിക്കാന്‍ ഇന്ത്യന്‍ പതാകയും മുസ്ലീം ജനസംഖ്യയെ കാണിക്കാന്‍ പാകിസ്ഥാന്‍ പതാകയും കാണിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറുമായി ബന്ധമുള്ളതാണ് ഏഷ്യാനെറ്റ് സുവർണ വാർത്താ ചാനല്‍.