സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനാകേസ്: സരിത എസ് നായരുടെ രഹസ്യമൊഴിയെടുക്കും
സ്വപ്ന പിസി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്ന് സരിത
തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചനാക്കേസില്‍ സരിത എസ് നായരുടെ രഹസ്യ മൊഴിയെടുത്തേക്കും. ഇതുസംബന്ധിച്ച് അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. സ്വപ്നയ്ക്ക് എതിരായ ഗൂഢാലോചന കേസില്‍ സരിത എസ് നായരുടെ സാക്ഷിമൊഴിയെടുത്തിരുന്നു. ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്ന് സരിത മൊഴി നല്‍കി. ഫെബ്രുവരി മുതല്‍ ഗൂഡാലോചന നടന്നതായി അറിയാം. സ്വപ്നക്ക് നിയമ സഹായം നല്‍കുന്നത് ജോര്‍ജാണെന്നും സരിത മൊഴി നല്‍കി.
സരിതയുടെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. പിസി ജോര്‍ജും സരിതയുമായി സംസാരിക്കുന്ന ഓഡിയോ നേരത്തേ പുറത്ത് വന്നിരുന്നു. ഗൂഢാലോചന കേസില്‍ സരിതയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അമ്മയെ ശല്യം ചെയ്തു എന്നതടക്കം തനിക്കെതിരെ സ്വപ്ന ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളെയും സരിത തള്ളി.
അതേസമയം, ഷാജ് കിരണിനേയും കേസില്‍ പ്രതിയാക്കാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചുവെന്നാണ് റിപോര്‍ട്ട്. ഷാജിനൊപ്പം സുഹൃത്ത് ഇബ്രാഹിമിനേയും പ്രതിയാക്കിയേക്കും.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും പിസി ജോര്‍ജിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തിരുന്നു. കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്.ഐ.ആര്‍ ഉള്‍പ്പെടെ ഫയലുകള്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അടുത്തയാഴ്ച യോഗം ചേരും.
എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൂടുതലായി ഉള്‍പ്പെടുത്തിയാണ് സംഘത്തിന് രൂപം നല്‍കിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കെടി ജലീല്‍ എം.എല്‍.എ നല്‍കിയ പരാതിയനുസരിച്ചാണ് കന്റോണ്‍മെന്റ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സ്വപ്ന, പിസി ജോര്‍ജ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.