മകനോടുള്ള വൈരാഗ്യത്തിന് പിതാവിനെ കൊലപ്പെടുത്തിയ കേസ്; പോലിസ് സംഘത്തിനും പ്രോസിക്യൂഷനും പ്രശംസ

Update: 2021-07-05 16:39 GMT

മാള: മകനോടുള്ള വൈരാഗ്യത്തിന് വീട്ടില്‍ കയറി അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപരന്ത്യം തടവ് ശിക്ഷ ലഭിച്ച കേസില്‍ പോലിസ് സംഘത്തിനും പ്രോസിക്യൂഷനും കോടതിയുടെ പ്രശംസ. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ എസ് രാജീവാണ് പ്രോസിക്യൂഷനെയും പോലിസിനെയും അഭിന്ദിച്ചത്.

ഇരിങ്ങാലക്കുട ജോളി ബാറിന് സമീപത്തുള്ള മുറുക്കാന്‍ കടയില്‍ വെച്ച് വിനീതിന്റെയും സുഹൃത്ത് ഷെരീഫിന്റെയും ദേഹത്ത് ചുണ്ണാമ്പ് വീണതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വിനീതിന്റെ വീട് കയറി ആക്രമണത്തിലും പിതാവ് വിജയന്റെ കൊലപാതകത്തിലും കലാശിച്ചത്.

ഇരിങ്ങാലക്കുട മുന്‍ ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ്, ഇന്‍സ്‌പെകടര്‍ സുരേഷ് കുമാര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ഒരാഴ്ചക്കുളില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘം ഒരു പ്രതിക്കു പോലും രക്ഷപ്പെടാനാകാത്ത വിധം പഴുതടച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രശംസനീയമായ പ്രവര്‍ത്തനമാണ് അന്വേഷണ സംഘം കേസിന്റെ നാള്‍വഴിയില്‍ നടത്തിയത്.

എസ് ഐമാരായ കെ എസ് സുശാന്ത്, തോമസ് വടക്കന്‍, മുഹമ്മദ് റാഫി, പി സി സുനില്‍, അനീഷ് കുമാര്‍, ബാബു,

എ എസ് ഐമാരായ മുരുകേഷ് കടവത്ത്, സുജിത്ത്കുമാര്‍, മുഹമ്മദ് അഷറഫ്, എം കെ ഗോപി, സി എ ജോബ്, ജയകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, ഇ എസ് ജീവന്‍, എ കെ മനോജ്, സി പി ഒ മാരായ വൈശാഖ് മംഗലന്‍, അനൂപ് ലാലന്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

കൊലപാതക ശേഷം രക്ഷപ്പെട്ട പ്രതികളില്‍ ചിലരെ അന്ന് പുലര്‍ച്ചെ തന്നെ കുറ്റിക്കാട്ടില്‍ നിന്ന് പിടികൂടി. രക്ഷപ്പെട്ട മറ്റു പ്രതികളെ തേടി കണ്ണൂര്‍, തമിഴ്‌നാട്ടിലെ മധുര എന്നിവിടങ്ങളില്‍ പിറ്റേന്ന് തന്നെ അന്വേഷണ സംഘം പ്രതികളെ തിരഞ്ഞു പോയിരുന്നു. പ്രതികളില്‍ ഏറെ അപകടകാരിയായ ജിജോയെ കണ്ണൂര്‍ ഇരട്ടി മുടക്കോഴി മലയിലെ ഒളിത്താവളത്തില്‍ നിന്ന് ഏറെ ശ്രമകരമായാണ് അന്വേഷണ സംഘം പിടികൂടിയത്.

കേസിന്റെ അന്വേഷണത്തിനിടയില്‍ പ്രധാന പ്രതി രജ്ഞിത്ത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ മുരുകേഷ് കടവത്തിനെ വീട്ടില്‍ കയറി വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിന് രഞ്ജിത്തിനെതിരെ ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷനില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിന്റെ വിചാരണ നടന്നു വരുന്നു.

ആഡീഷ്ണല്‍ സെഷന്‍സ് കോടതിയില്‍ വിസ്താരം നടക്കുന്നതിനിടെ കേസിന്റെ എയ്ഡ് പ്രോസിക്യൂഷന്‍ ഡ്യൂട്ടി കൈകാര്യം ചെയ്തിരുന്ന എ എസ് ഐ സുജിത്കുമാറിനു നേരേ പ്രതികള്‍ വധഭീഷണി മുഴക്കുന്ന സംഭവവും ഉണ്ടായിരുന്നു.

കേസ്സിലെ ഒന്നാം പ്രതി താണിശ്ശേരി സ്വദേശി ഐനിയില്‍ വീട്ടില്‍ രഞ്ജിത്ത് (32), രണ്ടാം പ്രതി നെല്ലായി സ്വദേശി മാടാനി വീട്ടില്‍ ബോംബ് ജിജോ എന്ന് വിളിക്കുന്ന ജിജോ ജോര്‍ജ് (33), മൂന്നാം പ്രതി കാറളം പുല്ലത്തറ സ്വദേശി പെരിങ്ങാട്ട് വീട്ടില്‍ പക്രു എന്ന് വിളിക്കുന്ന നിധീഷ് (30), നാലാം പ്രതി കരുവന്നൂര്‍ സ്വദേശി കറപ്പ് പറമ്പില്‍ മാന്‍ഡ്രു എന്ന് വിളിക്കുന്ന അഭിനന്ദ് (25), അഞ്ചാം പ്രതി ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി കുന്നത്താന്‍ വീട്ടില്‍ മെജോ (28), എട്ടാം പ്രതി ഇരിങ്ങാലക്കുട ഗാന്ധിഗ്രാം വേലത്തിക്കുളം സ്വദേശി ടുട്ടു എന്ന് വിളിക്കുന്ന അഭിഷേക് (25) എന്നിവരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ എസ് രാജീവ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

Similar News