ഗസയില്‍ വെടിനിര്‍ത്തല്‍; കെയ്‌റോ ചര്‍ച്ചയില്‍ പ്രതിനിധി സംഘത്തെ അയക്കില്ലെന്ന് ഇസ്രായേല്‍

Update: 2024-03-04 06:00 GMT
കെയ്‌റോ: ഗസയില്‍ വെടിനിര്‍ത്തലും ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കുന്നതും അടക്കമുള്ള വിഷയങ്ങളില്‍ കെയ്‌റോയില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് പ്രതിനിധി സംഘത്തെ അയക്കേണ്ടതില്ലെന്ന് ഇസ്രായേല്‍ തീരുമാനം. മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥന്റെ പ്രതികരണം സി.എന്‍.എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ചര്‍ച്ചയുടെ ഭാഗമായി കൈമാറിയ ആവശ്യങ്ങളില്‍ ഹമാസ് നിലപാട് വ്യക്തമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിനിധി സംഘത്തെ അയക്കേണ്ടതില്ലെന്ന് ഇസ്രായേല്‍ അധികൃതര്‍ തീരുമാനിച്ചത്. ബന്ദികളുടെ വിശദമായ പട്ടിക, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കുറിച്ചുള്ള വിവരങ്ങള്‍, ബന്ദികളെ കൈമാറുന്നതിന് പകരമായി ഇസ്രായേല്‍ ജയിലില്‍ നിന്ന് വിട്ടയക്കേണ്ട ഫലസ്തീനികളുടെ എണ്ണം എന്നീ കാര്യങ്ങളാണ് ഇസ്രായേല്‍ ഹമാസിനോട് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, ഗസയില്‍ സ്ഥിരം വെടിനിര്‍ത്തല്‍ നടപ്പാക്കുക, ഗസ മുനമ്പില്‍ നിന്ന് ഇസ്രായേലി സൈനികരെ പിന്‍വലിക്കുക, വടക്കന്‍ ഗസയിലേക്ക് പലായനം ചെയ്ത ഫലസ്തീനികളെ തെക്കന്‍ ഗസയില്‍ തിരികെ എത്തിക്കുക എന്നിവയാണ് ചര്‍ച്ചയില്‍ ഹമാസ് മുന്നോട്ടുവെക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍.

കെയ്‌റോ ചര്‍ച്ചയിലേക്ക് പ്രതിനിധികളെ അയച്ചില്ലെങ്കിലും ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ ഇസ്രായേല്‍ ഭരണകൂടം അംഗീകരിച്ചതായാണ് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. എന്നാല്‍, മന്ദഗതിയിലെ ചര്‍ച്ച റമദാനിന് മുമ്പായി വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള നീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാനുള്ള ചര്‍ച്ചക്കായി ഖത്തര്‍, യു എസ്, ഹമാസ് പ്രതിനിധികള്‍ ഈജിപ്തിലെ കെയ്‌റോയില്‍ എത്തിയിട്ടുണ്ട്. തങ്ങള്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥ അംഗീകരിക്കാന്‍ ഇസ്രായേല്‍ സന്നദ്ധമാവുകയാണെങ്കില്‍ ബന്ദി കൈമാറ്റത്തിന് രണ്ടു ദിവസം മതിയെന്ന് ഹമാസ് പ്രതികരിച്ചിരുന്നു.

ഇന്നലെ ഗസയിലെ റഫയില്‍ അഭയാര്‍ഥികള്‍ താമസിച്ച തമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 11 പേര്‍ കൊലപ്പെട്ടിരുന്നു. കുട്ടികളടക്കം 90 പേരാണ് 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്. ഗസ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവര്‍ 30,410 ആയി. 71,700 പേര്‍ക്ക് പരിക്കേറ്റു.


Tags:    

Similar News