ബിജെപി വക്താവിന്റെ പ്രവാചക നിന്ദ;പരസ്യ ക്ഷമാപണത്തിന് കേന്ദ്രം തയ്യാറാകണം:ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി
ഭരണപക്ഷ പാര്‍ട്ടി വക്താവില്‍ നിന്നുണ്ടായ അശ്ലീലപരമായ പ്രതികരണം ലോകത്തെ ഇസ്‌ലാം മതവിശ്വാസികളെയും മാനവിക സൗഹൃദ ദര്‍ശനം വെച്ചുപുലര്‍ത്തുന്ന മുഴുവന്‍ മനുഷ്യരെയും വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു
കോഴിക്കോട്:ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദക്കെതിരേ പ്രതികരണവുമായി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി.പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി നടത്തിയ വിവാദ പരാമര്‍ശം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു.
എല്ലാ മതങ്ങള്‍ക്കും തുല്യനീതി ഉറപ്പ് നല്‍കുന്ന ഒരു രാഷ്ട്രത്തിന്റെ ഭരണപക്ഷ പാര്‍ട്ടി വക്താവില്‍ നിന്നുണ്ടായ അശ്ലീലപരമായ പ്രതികരണം ലോകത്തെ ഇസ്‌ലാം മതവിശ്വാസികളെയും മാനവിക സൗഹൃദ ദര്‍ശനം വെച്ചുപുലര്‍ത്തുന്ന മുഴുവന്‍ മനുഷ്യരെയും വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തും നടക്കുന്ന പ്രതിഷേധങ്ങളെ ഉള്‍കൊണ്ടും മുഹമ്മദ് നബിയുടെ മാനവിക ദര്‍ശനത്തിലധിഷ്ഠിതമായ സമുന്നത വ്യക്തിത്വം പഠിച്ചു മനസ്സിലാക്കിയും പരസ്യ ക്ഷമാപണം നടത്താനും, ഭരണകൂടം ഈയിടെയായി വെച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്ന ഇസ്‌ലാം-മുസ്‌ലിം സമീപനങ്ങളില്‍ മാറ്റം വരുത്താനും കേന്ദ്രം തയ്യാറാകണമെന്നും നദ്‌വി അറിയിച്ചു.
ഇന്ത്യന്‍ പൗരരിലെ ഭൂരിഭാഗം വരുന്ന ദലിതുകള്‍ക്കെതിരെയും മുസ്‌ലിംകള്‍ അടക്കമുള്ള മതന്യൂനപക്ഷള്‍ക്കെതിരെയും നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിത നീക്കങ്ങളെയും അധിക്ഷേപങ്ങളെയും നിര്‍ത്തലാക്കുന്നതിനു ശക്തമായ നിയമനിര്‍മാണം നടത്താനും സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ടെന്നും ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി വ്യക്തമാക്കി.